ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രവർത്തനത്തിനായുള്ള സംഘാടക സമിതി ഓഫീസ് തുറന്നു .ചാവക്കാട് നഗരസഭ കെട്ടിടത്തിന് താഴെയുള്ള എം എൽ എ ഓഫീസിനോട് ചേർന്നാണ് സംഘാടക സമിതി ഓഫീസ് ഒരുക്കിയിരിക്കുന്നത്.
സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുമ്പാറക്, ഗുരുവായൂർ മണ്ഡലം കോർഡിനേറ്റർ ഡി ഷാജിമോൻ , നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് എം എൽ എ യുടെ അധ്യക്ഷതയിൽ നവകേരള സദസ്സ് കമ്മിറ്റി ജനറൽ ബോഡി യോഗം ചേർന്നു. നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
നവകേരള സദസ്സിന് മുന്നോടിയായി 27 ന് ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ശുചീകരണ ദിനം ആചരിക്കാൻ തീരുമാനിച്ചു.എൻസിസിന എസ് പി സി , എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം.എല്ലാ വിദ്യാലയങ്ങളിലും 28ന് നവകേരള സദസ്സ് പൊതുപ്രതിജ്ഞ ചൊല്ലും.വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്താനും തീരുമാനിച്ചു.
നവകേരള സദസ്സിന്റെ പ്രചരണത്തിനായി വലിയ ക്യാൻവാസിൽ കുട്ടികളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തത്തോടെ ചിത്ര ചുമര് ഒരുക്കും.കുടുംബശ്രീ തലത്തിൽ നവകേരളം ആശയം ഉൾപ്പെടുത്തി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മത്സരം നടത്താനും യോഗം തീരുമാനിച്ചു.ഡിസംബർ നാലിന് വൈകീട്ട് 6 മണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിലാണ് ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ്.