ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് ഞായറാഴ്ച അവലോകന യോഗം ചേർന്നു. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി പട്ടിക വർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു.
നവകേരള സദസ്സിലൂടെ മനുഷ്യന്റെ ഒരുമ വർദ്ധിപ്പിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. അതിദരിദ്രരെ കൈപിടിച്ച് ഉയർത്താനും മാലിന്യ നിർമ്മാർജനം പൂർണ്ണയിലെത്തിക്കാനും ഇതിലൂടെ കഴിയണം. ഗുരുവായൂർ മണ്ഡലത്തിലെ വികസന സാധ്യതകൾ പരിശോധിച്ച് അത് നടപ്പിലാക്കാനും നവകേരള സദസ്സ് ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ പ്രവർത്തന പുരോഗതി അറിയിച്ചു. 16, 17, 18 തിയ്യതികളിലായി പഞ്ചായത്ത് തല സംഘാടക സമിതികൾ ചേരണമെന്ന് എം എൽ എ യോഗത്തെ അറിയിച്ചു.
ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എൻ കെ അബ്കർ എം എൽ എ അധ്യക്ഷനായി.ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ , സബ്ബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, നോഡൽ ഓഫീസർ ഡി ഷാജിമോൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.