ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 19ന് സാംസ്കാരികോത്സവത്തോടുകൂടി പരിപാടികൾക്ക് തുടക്കമായും.
ഗുരുവായൂർ കിഴക്കേ നട ഗവ. യു പി സ്കൂളിൽ നടക്കുന്ന സാംസ്കാരികോത്സവം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. ഭഗവത്ഗീത ശ്ലോകം ചൊല്ലൽ, പുരാണ പ്രശ്നോത്തരി, ധർമ്മകഥ ചിത്രരചന, ഉപന്വാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്കൂളുകളിൽ നിന്ന് 500ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.
നവംബർ 23 ഏകാദശി നാളിൽ രുക്മിണി റീജൻസിയിൽ രാവിലെ 7 മുതൽ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി സപരിവാര പൂജയ്ക്ക് നേതൃത്വം നൽകും. തുടർന്ന് 9.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. കർമശ്രേഷ്ഠ പുരസ്കാരദാനവും ഗീതാ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടക്കും. തുടർന്ന് ശ്രീഹരി മൂർക്കന്നൂരിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സംഗീതാർച്ചന നടക്കും. ഗോതമ്പ് ചോറും രസകാളനും അടങ്ങിയ ഏകാദശി ദിന വ്രത ഭക്ഷണവും ഉണ്ടാകുന്നതായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.