ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ ഫോട്ടോ ഷൂട്ടിംഗിന് നിരക്ക് കുറച്ചു. 2500 രൂപയിൽ നിന്ന് 1000 രൂപയാക്കിയാണ് നിരക്ക് കുറച്ചത്.എന്‍.കെ അക്ബർ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിനും സിനിമ- സീരിയല്‍ ഷൂട്ടിംഗിന് 5000/- രൂപയായി ഫീസ് നിശ്ചയിക്കുന്നതിനും തീരുമാനിച്ചു.
ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ 5 വയസ്സ് മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നതിനും മാരകരോഗം ബാധിച്ചവര്‍, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനും തീരുമാനമായി. ബീച്ചിലെ നിലവിലെ വഴിയോര കച്ചവടക്കാര്‍ക്ക് പൊതു സ്ഥലം നിശ്ചയിച്ച് നല്‍കുന്നതിലേക്ക് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കുന്നതിന് നഗരസഭ എഞ്ചിനീയറെ ചുമതലപ്പെടുത്തി.
എം.എല്‍.എ ഫണ്ടില്‍ നിന്നും ബീച്ച് വികസനത്തിനുള്ള പദ്ധതിയായ മിനിമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം , പ്രവേശന കവാടം എന്നിവയുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി നല്‍കാന്‍ നഗരസഭ സെക്രട്ടറിക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.പി.ജി ടൂറിസം കോഴ്സ് യോഗ്യതയുള്ളയാളെ ബീച്ചിന്‍റെ പ്രധാന ചുമതലക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും ന്യൂ ഇയര്‍ പ്രോഗ്രാം വിപുലമായ രീതിയില്‍ നടത്തുന്നതിനും തീരുമാനമായി. യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, കൗണ്‍സിലര്‍ എം.ആര്‍ രാധാകൃഷ്ണന്‍ , മഞ്ജുഷ സുരേഷ്, ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി രവീന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി, ചാവക്കാട് നഗരസഭ സെക്രട്ടറി ആകാശ്, തുടങ്ങിയവര്‍ പങ്കെടുത്തു.