ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയടക്കം ക്ഷേത്രത്തിലെ പൂജകളിൽ കൂടുതൽ ഭക്തരെ പങ്കെടുപ്പിക്കും വിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേവസ്വം “ഒറ്റ പ്രശ്നം’ നടത്തി ദേവഹിതം നോക്കി.
ഒരു വിഷയം മാത്രം പരിശോധിക്കാൻ നടത്തുന്ന ദേവ പ്രശ്നമാണിത്. കഴിഞ്ഞ 9ന് ദേവസ്വം ഓഫിസ് കെട്ടിടത്തിലെ ചെറിയ കോൺഫറൻസ് ഹാളിലാണ് കുറ്റനാട് രാവുണ്ണി രാവുണ്ണി പണിക്കർ പ്രശ്നം വച്ചത്. ഉദയാസ്തമയ പൂജ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
ഏകാദശി ദിവസം ദേവസ്വം നടത്തുന്ന ഉദയാസ്മതയ പൂജ ദ്വാദശി ദിവസത്തേക്ക് മാറ്റുന്ന കാര്യവും പരിശോധിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
ഭക്തർക്ക് ഉപകാരപ്രദമാകും വിധം ക്ഷേത്രത്തിനകത്ത് ചിലസൗകര്യങ്ങൾ ഏർപ്പെടുത്തുവാനും പുതിയ ചില വഴിപാടുകൾ ആരംഭിക്കാനും ദേവസ്വത്തിന് ഉദ്ദേശ്യമുണ്ട്. ഇക്കാര്യങ്ങളിൽ ദേവഹിതം അറിയാനാണ് പ്രശ്നം വച്ചതെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പറഞ്ഞു. ഇതിൽ ഭഗവാന് ഹിതമായ കാര്യങ്ങൾ ക്ഷേത്രത്തിലെ പാരമ്പര്യക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
20-ന് വെള്ളിയാഴ്ച നടക്കുന്ന ദേവസ്വം ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്യും. നവംബർ 23-നാണ് ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി.