ഗുരുവായൂർ: തിരുവോണനാളിൽ ഗുരുവായൂരിൽ വൻ തിരക്ക്. കണ്ണനെ ഒരു നോക്കു കാണാനും ഓണപുടവ സമർപ്പിക്കുന്നതിനും തിരുവോണ സദ്യയിൽ പങ്കെടുക്കാനും വൻ ഭക്തജ തിരക്കാണ് അനുഭവപ്പെട്ടത്.
തിരുവോണ നാളിൽ ദേവസ്വം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.പുലർച്ചെ മുതൽ ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവസമർപ്പണം നടന്നു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പന് ആദ്യം
ഓണപ്പുടവ സമർപ്പിച്ചു .തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതിഅംഗങ്ങളും ഓണപ്പുടവ സമർപ്പിച്ചു. കാലത്ത് നാലര മണി മുതൽ ഉഷഃപൂജ വരെ ഭക്തർക്കുള്ള ഊഴമായി.
ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനത്തിന് ക്രമീകരണം ഒരുക്കിയിരുന്നു. വി ഐ പി, സ്പെഷ്യൽ ദർശനങ്ങൾ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണിവരെ ഉണ്ടായിരുന്നില്ല. ഭക്തരെ സാഹചര്യത്തിനനുസരിച്ച് കൊടിമരത്തിന് സമീപം വഴി നേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനാൽ കൂടുതൽ സമയം വരിയിൽ നിൽക്കാതെ തന്നെ ഭക്തർക്ക് ദർശന പുണ്യം നേടാതായി.
തിരുവോണ ദിവസം പതിനായിരത്തിലധികം ലതിഭക്തർക്ക് പ്രസാദഊട്ട് നൽകി കാളനും ഓലനും പച്ചക്കൂട്ടും കായ വറവും മോരും പപ്പടത്തിനൊപ്പം തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടായിരുന്നു. കാലത്ത് 10 മണിക്ക് പ്രസാദ ഊട്ട് ആരംഭിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും പ്രസാദ ഊട്ട് നൽകി. അന്ന ലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി 9ന് തുടങ്ങിയിരുന്നു. 2 മണിക്ക് ശേഷമാണ് അന്നദാനം അവസാനിച്ചത്.