ഗുരുവായൂർ: കണ്ണൻ്റെ പിറന്നാൾ ആഘോഷത്തിനു മുന്നോടിയായി ഭക്തരുടെ നറുവെണ്ണയും നിറഉറികളുടെയും സമർപ്പണം വെള്ളിയാഴ്ച നടക്കും.
അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്തരുടെ സമർപ്പണം. നറുവെണ്ണ, പാൽ, തൈര്, കദളിപ്പഴം, അപ്പം, മലർ, അവിൽ എന്നിവ ഭക്തർ പ്രാർത്ഥനയോടെ പ്രത്യേകം തയ്യാറാക്കിയ ഉറിക്കുടങ്ങളിൽ നിറയ്ക്കും. മമ്മിയൂർ സന്നിധിയിൽ മഹാദേവനും മഹാവിഷ്ണുവിനും നിറക്കുടങ്ങൾ സമർപ്പിച്ച് വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പ് ആരംഭിയ്ക്കും. തെച്ചി തുളസിമാലകൾ ചാർത്തി പട്ടുക്കുടകൾ ചൂടി പീതാംബരപ്പട്ടിൽ നിറകുടങ്ങൾ നാമജപത്തോടെ ഗുരുവായൂരപ്പൻ്റെ കൺമുന്നിലേക്ക് നീങ്ങും. ഉണ്ണിക്കണ്ണൻന്മാരും കുചേലനും എഴുന്നള്ളിപ്പ് നയിച്ച് മുന്നിലുണ്ടാകും. കുത്തുവിളക്ക്, താലം ,മുത്തുക്കുടകൾ നാഗസ്വരം. പഞ്ചവാദ്യം എന്നിവ അകമ്പടിയാകും. രുദ്ര തീർത്ഥം ചുറ്റി കിഴക്കേ ഗോപുര മുന്നിൽ എഴുന്നള്ളിപ്പ് സമാപിയ്ക്കും. തുടർന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ: വ കെ വിജയൻ, ഭരണ സമിതിയംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, അതിരുദ്ര യജ്ഞാചാര്യൻ കീഴിയേടം രാമൻ നമ്പൂതിരി, മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി കെ പ്രകാശ്, ഡോ വി വിജയകുമാർ എന്നിവർ നിറകുടങ്ങൾ ഭഗവാന് സമർപ്പിയ്ക്കും.
ഭക്തർക്ക് അപ്പം വിതരണം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കുമെന്ന് ആഘോഷ കമ്മറ്റി ചെയർമാൻ ഡോ ഡി എം വാസുദേവൻ, കൺവീനർ ജനു ഗുരുവായൂർ എന്നിവർ അറിയിച്ചു