ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ആചാര – അനുഷ്ഠാന – താന്ത്രിക ചടങ്ങുകളുടെ വിജ്ഞാന കേദാരവും, ക്ഷേത്ര പത്ത് പ്രവർത്തികളുടെ അമരക്കാരനും, തിരുവെങ്കിടാചലപതി ക്ഷേത്രത്തെ കേരളത്തിലെ തിരുപ്പതിയാക്കി ഇന്ന് കാണുന്ന പ്രശസ്തിയിലേക്ക് ഉയർത്തിപതിറ്റാണ്ടോളം ക്ഷേത്ര സമിതി സാരഥിയായി നേതൃത്വം നൽകി പോരുകയും ചെയ്ത പെരിയോൻ പി വി രാമചന്ദ്ര വാരിയ (ചന്ദ്ര വാരിയർ ) യരുടെയും, നീണ്ടകാലം തിരുവെങ്കിടം ക്ഷേത്ര സമിതി അമരക്കാരനായും, ഗുരുവായൂരിലെ വ്യാപാര, വ്യവസായ, ആദ്ധ്യാത്മിക, സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെല്ലാം മികവുറ്റ സാരഥിയുമായിരുന്ന ജി കെ രാമകൃഷ്ണ ( ചന്ദ്രുസ്വാമി) ൻ്റെയും ചരമവാർഷിക ദിനവുമായി ചേർന്നു് തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം നടത്തി.
ഏട്ടോളം അവശ രോഗികൾക്കു് ചികിത്സാ ധനസഹായവും, നൂറോളം അശരണർക്ക് അരി, അന്നജം എന്നിവ നൽകിയും ആതുര സഹായവുമായി ചേർന്ന കാരുണ്യ സദസ്സ് ഗുരുവായൂർ ക്ഷേത്ര ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തിരുവെങ്കിടം ക്ഷേത്ര പരിസരത്ത് ടി ടി ഡി.കല്യാണ മണ്ഡപത്തിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണ സദസ്സിൽ ഗുരുവായൂർ ദേവസ്വം അഡ്മിനേസ്ട്രർ കെ പി വിനയൻ, നഗരസഭ കൗൺസിലർ വി കെ സുജിത്ത് എന്നിവർ ആധുര സഹായ അരി വിതരണവും നിർവഹിച്ചു. മാദ്ധ്യമ പ്രവർത്തകരായ ജനു ഗുരുവായൂർ, വി പി ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
സേതു തിരുവെങ്കിടം, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, പ്രഭാകരൻ മണ്ണൂർ, എന്നിവർ സംസാരിച്ചു. നേരത്തെ പി വി രാമചന്ദ്ര വാരിയരുടെയും, ജി കെ രാമകൃഷ്ണൻ്റെയും കമനീയ ഛായാ ചിത്രങ്ങൾക്കു് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച് ദീപോജ്വലനം നടത്തി. വാദ്യ വിദ്വാൻ ഷൺമുഖൻ തെച്ചിയിലിൻ്റെ പ്രാർത്ഥനയോടെയാണ് സദസ്സിന് തുടക്കം കുറിച്ചത്, സമ്മേളനാനന്തരം പ്രസാദ ഊട്ടും ഉണ്ടായിരുന്നു. കാരുണ്യ ദിനാചരണത്തിന്, പി ഹരിനാരായണൻ, രാജു കൂടത്തിങ്കൽ, പി രാഘവൻ നായർ, ഹരിവടക്കൂട്ട് , രമാചന്ദ്ര വാരിയർ, ഗീതാ മുരളി എന്നിവർ നേതൃത്വം നൽകി.