ഗുരുവായൂർ: വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം. ബുധനാഴ്ച രാവിലെ 6:19 മുതൽ 8 വരെയുള്ള വിശിഷ്ഠ മുഹൂർത്തത്തിലായിരുന്നു തൃപ്പുത്തരി. പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യം തയാറാക്കി ശ്രീഗുരുവായൂരപ്പനും ഉപദേവതകൾക്കും പരിദേവതകൾക്കും സമർപ്പിക്കുന്നതാണ് തൃപ്പുത്തരി. തന്ത്രി ബ്രഹ്മശ്രീ.ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ.
പുത്തരി പായസവും ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ നേരത്ത് നേദിച്ചു. . പുണ്യ ചടങ്ങിൻ്റെ നിർവൃതിയിലായി ഭക്തർ.
ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നേദിച്ച ശേഷം പുത്തരി പായസം ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.