ഗുരുവായൂർ: ചിങ്ങമ ഹോത്സവത്തിന്റെ സമാപന ഭാഗമായി കണ്ണനു മുന്നിൽ നാനൂറോളം ദീപങ്ങൾ തെളിഞ്ഞു. വ്യാഴാഴ്ച സന്ധ്യയായിരുന്നു ആയിരത്തോളം വരുന്ന ഭക്തർ ചേർന്ന് ഗുരുവായൂരപ്പ സന്നിധിയിൽ നിരത്തിയ വിളക്കുകൾ തെളിയിച്ചത്. ചിങ്ങ മഹോത്സത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ഐശ്വര്യവിളക്ക് സമർപ്പണം ഭക്തിനിർഭരമായിരുന്നു.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം സി മനോജും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും ചേർന്ന് ആദ്യ വിളക്കുകൾ സമർപ്പിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, അനിൽ കല്ലാറ്റ്, അഡ്വ രവി ചങ്കത്ത്, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പുരാതന തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ അണിനിരത്തിയായിരുന്നു ഗുരുവായൂരിൽ ഒരു പകൽ നീണ്ട ചിങ്ങമഹോത്സവം സംഘടിപ്പിച്ചത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഭദ്രദീപം തെളിയിച്ചായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.