ഗുരുവായൂർ : തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങൾ സമർപ്പിച്ചു. പാനയോഗം ആചാര്യൻ ഗോപി വെളിച്ചപ്പാടിന്റെ സ്മരണയ്ക്കായി മദ്ദളപ്രാമാണികൻ ചെർപ്പുളശ്ശേരി ശിവനും കല്ലൂർ ശങ്കരന്റെ സ്മരണയ്ക്കായി ഇലത്താളവിദ്വാൻ അവണൂർ ശങ്കരനും ചങ്കത്ത് ബാലൻ നായർ പുരസ്‌കാരം കലാമണ്ഡലം രാജനും ടി.എൻ. പ്രതാപൻ എം.പി സമ്മാനിച്ചു. എടവന മുരളീധരൻ, കോമത്ത് അമ്മിണിഅമ്മ, അകമ്പടി രാധാകൃഷ്ണൻ നായർ എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങൾ യഥാക്രമം അഷ്ടപദി ഗായകൻ അമ്പലപ്പുഴ വിജയകുമാർ, തായമ്പക കലാകാരി ഡോ. നന്ദിനി വർമ, ടി.പി. നാരായണപ്പിഷാരടി എന്നിവർക്ക് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സമ്മാനിച്ചു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ മുഖ്യാതിഥിയായി. ചടങ്ങിൽ ആദരിക്കപ്പെട്ട വേങ്ങേരി നാരായണൻ, എം.കെ. നാരായണൻ, രാജൻ കോക്കൂർ എന്നിവർക്ക് ദേവസ്വം ചെയർമാനും പെരുവനം കുട്ടൻമാരാരും ചേർന്ന് ഉപഹാരങ്ങൾ നൽകി. ജി.കെ. പ്രകാശൻ, കെ.പി. ഉദയൻ, ശോഭ ഹരിനാരായണൻ, ജനു ഗുരുവായൂർ, ശശി വാറണാട്ട്, പാഞ്ഞാൾ വേലുക്കുട്ടി, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.