ഗുരുവായൂർ: സാഹിത്യ ഭൂപടത്തിൽ കണ്ടാണശ്ശേരിയെ അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹാനായ കഥാകാരൻ കോവിലന്റെ ഒരു വർഷം നീണ്ടുനിന്ന ജന്മശതാബ്ദി സമാപനം ദേശത്തിന്റെ ഉത്സവമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് വാഴാവിൽ അമ്പലത്തിനരികയുള്ള കോവിലൻ സ്മാരക കലാ- കായിക നിലയത്തിൽ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എം എ ബേബി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ അധ്യക്ഷത വഹിക്കും. വിജു നായരങ്ങാടി (ദേശമുദ്രകളുടെ രാഷ്ട്രീയ മാനങ്ങൾ), ഡോ ആർ സുരേഷ് (ഭരതനിലെ വിചാരലോകങ്ങൾ) എന്നിവർ പ്രഭാഷണം നടത്തും. ഉസ്താദ് അഹമ്മദ് ഇബ്രാഹിമിന്റെ സിത്താർ വാദനം, കണ്ടാണശ്ശേരി കലാസമിതിയുടെ കോൽക്കളി, അടാട്ട് കതിരോല ഫോക്ക് ബാന്റിന്റെ നാടൻപാട്ട് എന്നിവ അരങ്ങേറും.
എ ഡി ആന്റു, പി ജെ സ്റ്റൈജു, പി വി സുധീർ, പി എം ഷാജി, എം എസ് ബൈജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു