ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പ ദാസനായിരുന്ന ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദി ആഘോഷമായ ‘കേശവീയം 2023 ‘ ൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം മാതൃഭൂമിയുമായി സഹകരിച്ച് കുട്ടികൾക്കായി നടത്തുന്ന ‘കേശവീയം ആനവര’ – ചിത്രരചനാ മൽസരം ലോക ഗജ ദിനമായ നാളെ നടക്കും. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയമാണ് വേദി. യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി നാന്നൂറിലേറെ കുട്ടികൾ പങ്കെടുക്കും. രാവിലെ 9:30 നാണ് മൽസരം ആരംഭിക്കുക.
ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങിൻ്റെ തുടക്കം..ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ മാതൃഭുമി ചെയർമാൻ ആൻ്റ് മാനേജിങ്ങ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ ഗജദിന സന്ദേശം നൽകും. ആർട്ടിസ്റ്റ് മദനൻ ആനവര ഉദ്ഘാടനം ചെയ്യും.
ഉപഹാര സമർപ്പണം ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി നായർ,വി.ജി.രവീന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണർ എന്നിവർ ആശംസകൾ നേരും. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മാതൃഭൂമി ന്യൂസ് എഡിറ്റർ എം.കെ.കൃഷ്ണകുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മാതൃഭൂമി ലേഖകൻ ജനു ഗുരുവായൂർ നന്ദി പറയും.