ഗുരുവായൂർ:- നിർദ്ദിഷ്ട തിരുവെങ്കിടം അടിപ്പാതയ്ക്ക് റെയിൽവേയുടെ എല്ലാ സാങ്കേതിക അനുമതികളും ഉടൻ ലഭ്യമാക്കണമെന്ന് ടി എൻ പ്രതാപൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ റോഡുണ്ടായിരുന്ന തിരുവെങ്കിടത്ത് റെയിൽവേ വന്നപ്പോൾ ആദ്യം ഒരു ലെവൽ ക്രോസ്സ് അനുവദിച്ചിരുന്നു. പിന്നീട് റെയിൽവേ യാർഡ് വികസനത്തിൻ്റെ ഭാഗമായാണ് പ്രസ്തുത ലെവൽ ക്രോസ്സ് ഇല്ലാതായത്. അതിനുപകരമായാണ് ഇപ്പോൾ സബ് വേക്ക് അനുമതി തേടുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ഉത്തരവ് പ്രകാരം കെ റെയിലാണ് സബ് വേ നിർമ്മിയ്ക്കുന്നത്.
ഗുരുവായൂർ നഗരസഭയുടെ അനുമതിയോടെ കെ റെയിൽ പദ്ധതിയുടെ രൂപരേഖയും ഡ്രോയിങ്ങുകളും എസ്റ്റിമേറ്റും റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന് സമർപ്പിയ്ക്കുകയും അവർ അത് അനുമതിയ്ക്കായി ദക്ഷിണ റെയിൽവേ ആസ്ഥാനത്തേയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാങ്കേതിക, സാമ്പത്തിക അനുമതികൾ പെട്ടെന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതാപൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയിട്ടുണ്ട്.
നിർദ്ദിഷ്ട അടിപ്പാത നേരത്തെ റോഡ് ഉണ്ടായിരുന്നിടത്താണ് വരുന്നതെന്നതിനാൽ, “വേ ലീവ്” നിരക്കുകൾ റെയിൽവേ ഈടാക്കരുതെന്നും എംപി ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും എംപി കത്തുകൾ അയച്ചിട്ടുണ്ട്. ഗുരുവായൂരിൻ്റെ റെയിൽവേ വികസന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നേരത്തെ നൽകിയ കത്തുകളിൽ ഉടൻ നടപടിയുണ്ടാകണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.