ചാവക്കാട്:: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണ സംഘം അറിയിച്ചു.
ബലിതര്‍പ്പണത്തിനായി പഞ്ചവടി വാകടപ്പുറത്ത് രണ്ടു പന്തലുകളോടു കൂടിയ പ്രത്യേക യജ്ഞശാല സജ്ജമാക്കിയതായും ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്താനുള്ള സൗകര്യവുമുണ്ടാവും. ബലിതര്‍പ്പണത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. ബലിയിടാനെത്തുന്ന പതിനായിരത്തിലധികം പേര്‍ക്കുള്ള സൗജന്യ പ്രഭാത ഭക്ഷണം ക്ഷേത്രസമിതി ഒരുക്കും. വലിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യമുള്‍പ്പെടെ വിപുലമായ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കും. ബലിയിടാനെത്തുന്നവരുടെ വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കാന്‍ ബലിതര്‍പ്പണശാലക്ക് സമീപം സൗജന്യ സൗകര്യമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കടലില്‍ ബലിയിട്ട് തിരിച്ചെത്തുന്നവര്‍ക്ക് കുളിക്കാനും മറ്റുമായി താത്ക്കാലിക കുളവും കടപ്പുറത്ത് തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ കര്‍ക്കടക മാസം ഒന്നായ തിങ്കളാഴ്ച മുതല്‍ ഓഗസറ്റ് 16 വരെ രാമായണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ദിവസവും രാവിലെ ഗണപതിഹോമം, രാമായണ പാരായണം തുടങ്ങിയവ ഉണ്ടാവും.