ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി. അപൂർവ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനത്തിനും ആദ്ധ്യാത്മിക പുസ്തകോൽസവത്തിന് തുടക്കമായി.
കിഴക്കേ നടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക് മുന്നിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ വി കെ വിജയൻ ആദ്ധ്യാത്മിക പുസ്തകോൽസവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അദ്ധ്യാത്മിക രാമായണം ഉൾപ്പെടെയുള്ള പതിനൊന്ന് പ്രൗഢ ഗ്രന്ഥങ്ങടങ്ങിയ പുസ്തകിറ്റിൻ്റെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എസ് ബി ഐ ശാഖാ മാനേജർ അരുൺ ആദ്യ കിറ്റ് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി മുഖ്യ പ്രഭാഷണം നടത്തി. ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ സർക്കുലേഷൻ ക്യാമ്പയിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ തുടക്കമിട്ടു. മരാമത്ത് എക്സി എൻജിനിയർ എം കെ അശോക് കുമാറിൽ നിന്നും 5 വർഷത്തെ ഭക്തപ്രിയ മാസികയുടെ വരിസംഖ്യ അഡ്മിനിസ്ട്രേറ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, ദേവസ്വം മതഗ്രന്ഥശാല ഉപദേശക സമിതി അംഗങ്ങളായ ഷാജു പുതൂർ, വി പി ഉണ്ണിക്കൃഷ്ണൻ, എന്നിവരും വിവിധ ബാങ്ക് പ്രതിനിധികളും ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും സന്നിഹിതരായി.
രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കർക്കടകം ഒന്നു മുതൽ രാമായണം നിത്യപാരായണം, രാമായണമാസ ആദ്ധ്യാത്മിക പ്രഭാഷണം, കുട്ടികൾക്കായി രാമായണ പാരായണം, പ്രശ്നോത്തരി, ഉപന്യാസ രചന എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളും ദേവസ്വം നടത്തുന്നുണ്ട്. ആദ്ധ്യാത്മിക പുസ്തകോൽസവം ആഗസ്റ്റ് 16 വരെ ഉണ്ടാകും. ജൂലായ് 17 മുതൽ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ രാമായണ പാരായണവും വൈകുന്നേരം ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടാകും.