ഗുരുവായൂർ: സ്വകാര്യ ഫ്ലാറ്റിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. നഗരസഭ വാർഡ് 19 ൽ കിങ് സ്പെയ്സസ് എന്ന ഫ്ലാറ്റിൽ നിന്നാണ് കക്കൂസ് മാലിന്യം കക്കൂസ് ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകുന്നത്. നഗരസഭയിൽ പരിസരവാസികൾ പരാതി നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഫ്ലാറ്റുകൾക്കനുസരിച്ചുള്ള സംസ്കരണ സംവിധാനം ഇല്ലാത്തതാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകാൻ ഇടയാക്കുന്നത്.
കക്കൂസ് മാലിന്യം ഫ്ലാറ്റ് വളപ്പിൽ തളംകെട്ടി പരിസരത്തെ വീടുകളുടെ വളപ്പുകളിലേക്കും എത്തുന്ന സ്ഥിതിയിലാണ്. മറ്റു വീടുകളുടെ കിണറുകൾ കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലത്തിനടുത്താണ്. അതിനാൽ പരിസരവാസികൾക്ക് അവരുടെ കിണറിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാസങ്ങൾക്കു മുൻപ് ഈ ഫ്ലാറ്റിൽ നിന്നും കക്കൂസ് മാലിന്യം മോട്ടോർ ഉപയോഗിച്ച് റോഡിലെ കാനയിലേക്ക് ഒഴുക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു.
നഗരസഭ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായ യാതൊരു നടപടിയും ഇതുവരെ നഗരസഭ സ്വീകരിച്ചിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. കക്കൂസ് മാലിന്യം റോഡിലേക്കൊഴുകി കാനയിലൂടെ ഒഴുകുന്നതിനാൽ പ്രദേശത്തെ റോഡും ദുർഗന്ധപൂരിതമാണ്.