അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ഗോതമ്പ് കൊണ്ട് വീട്ടിൽ തയ്യാറാക്കിയ ചിക്കന്‍ മോമോസ് കഴിക്കാം. സൂപ്പര്‍ ടേസ്റ്റും ഹെല്‍ത്തിയുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യപ്രശ്നങ്ങളെ ഭയക്കാതെ ആര്‍ക്കും ഈ ഒരു സ്നാക്സ് ധൈര്യമായി കഴിക്കാം. അപ്പോള്‍ ഇന്ന് തന്നെ വീട്ടില്‍ തയ്യാറാക്കി നോക്കൂ, നല്ല കിടിലന്‍ ഗോതമ്പ് ചിക്കന്‍ മോമോസ്. ആവിയില്‍ വേവിച്ചത് ആയത് കൊണ്ട് തന്നെ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല. എണ്ണയില്‍ പൊരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുകയില്ല.
കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവക്കൊന്നും ഈ പലഹാരം ഒരു ഭീഷണിയാവുകയില്ല. അതുകൊണ്ട് തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയാണ് മോമോസ്. ഇത് ചിക്കന്‍ ചേര്‍ത്തും പച്ചക്കറികള്‍ മാത്രമാക്കിയും തയ്യാറാക്കാവുന്നതാണ്. അമിതവണ്ണത്തെ ഭയപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും മോമോസ് സഹായിക്കുന്നു. കലോറി കുറവായതും പ്രശ്നങ്ങള്‍ ഇല്ലാത്തതും എല്ലാം നിങ്ങള്‍ക്ക് മോമോസ് പ്രിയപ്പെട്ടതാക്കുന്നു. പക്ഷേ എപ്പോഴും ശ്രദ്ധിക്കേണ്ടത് പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നതിനേക്കാള്‍ ഗുണം വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിനാണ്.
കാരണം പുറത്ത് നിന്ന് രുചി കൂട്ടുന്നതിന് വേണ്ടി ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യം ശ്രദ്ധിക്കണം. വീട്ടില്‍ ഗോതമ്പ് കൊണ്ട് തയ്യാറാക്കിയ മോമോസ് എങ്കില്‍ അത് മലബന്ധത്തെ പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്നു. കാരണം ഇതിലുള്ള ഫൈബറാണ് ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ കഴിക്കാന്‍ വീട്ടില്‍ തയ്യാറാക്കിയ മോമോസ് തന്നെയാണ് ഏറ്റവും ഉത്തമം.
വേണ്ട സാധനങ്ങൾ:
2 കപ്പ് ആട്ട
2 ടീസ്പൂണ്‍ എണ്ണ
1 കപ്പ് ചെറുതാക്കിയ ചിക്കന്‍
1 കപ്പ് ഉള്ളി അരിഞ്ഞത്
1 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത്
1/2 കപ്പ് മല്ലിയില അരിഞ്ഞത്
2 ടീസ്പൂണ്‍ വെണ്ണ
രുചി അനുസരിച്ച് ഉപ്പ്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തില്‍ ചിക്കന്‍, ഉള്ളി, ഇഞ്ചി, മല്ലിയില, വെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കണം. എല്ലാ ചേരുവകളും ശരിയായി മിക്സ് ആവാന്‍ കൈകള്‍ ഉപയോഗിക്കേണ്ടതാണ്. രുചിക്കനുസരിച്ച് ഉപ്പ് ചേര്‍ത്ത് 10-15 മിനിറ്റ് മാറ്റി വെക്കുക. ഈ സമയം ആട്ട, ഒരു നുള്ള് ഉപ്പ്, എണ്ണ, വെള്ളം എന്നിവ ചേര്‍ത്ത് കുഴക്കുക. ഇത് നല്ലതുപോലെ മാവ് പരുവത്തില്‍ ആക്കി മാറ്റി വെക്കുക .
മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരത്തിയെടുക്കുക ഇതിന് നടുവിലേക്ക് ഒരു സ്പൂണ്‍ നിറയെ നമ്മള് മുന്‍പ് മസാല മിക്സ് ചെയ്ത് മാറ്റി വെച്ച ചിക്കന്‍ ഉള്‍പ്പടെയുള്ള ചേരുവ ചേര്‍ക്കുക. പിന്നീട് മോമോസിന്റെ രൂപത്തില്‍ മടക്കിയെടുക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ഉരുളയാക്കുകയും ചെയ്യാം പിന്നീട് ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി 20-30 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കണം പുറത്തെ മാവ് നല്ലതുപോലെ വേവണം എന്നതാണ് ഇതിന്റെ പാകം.