ഗുരുവായൂർ: പൈതൃകം ഗുരുവായൂർ നേതൃത്വം നൽകുന്ന സംസ്കൃത പഠന കളരിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 27 തവണ പൂർത്തിയാക്കിയ ദശദിന സംസ്കൃത സംഭാഷണ ശിബിരത്തിന്റെ പ്രചരണാർത്ഥം എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 5 മണിക്ക് ഗുരുവായൂർ ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്തു കഴിഞ്ഞ അഞ്ചു വർഷമായി നടന്നുകൊണ്ടിരിക്കുന്ന സംസ്കൃത സംഭാഷണ കൂട്ടായ്മയുടെ വാർഷികം 2023 ജൂലൈ 9 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടത്തുന്നു.
തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിൽ നിന്ന് വൈസ് പ്രിൻസിപ്പൽ ആയി വിരമിച്ച, പൈതൃകരത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് മുഖ്യ പ്രഭാഷകൻ. പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമത്തിന്റെ ഭാഗമായി ഗുരുവായൂർ രുഗ്മണി റീജൻസി യിൽ നടക്കുന്ന വൈജ്ഞാനിക സദസ്സ് തൃശൂർ തെക്കേ മഠം പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂരിലെ വ്യവസായ പ്രമുഖനും അദ്ധ്യാത്മിക പ്രവർത്തകനുമായ പി എസ് പ്രേമാനന്ദൻ മുഖ്യതിഥി ആയി പങ്കെടുക്കും. ഗുരുവായൂരിനെ സംബന്ധിച്ചിടത്തോളം ഇതാദ്യമായാണ് സംസ്കൃത ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു വേദിയൊരുക്കുന്നത്. പുതുശ്ശേരി നാരായണൻ നമ്പൂതിരി വിശ്വസംസ്കൃത പ്രതിഷ്ഠാൻ അദ്ധ്യാപകൻ രമേശ് കേച്ചേരി, സംസ്കൃത പ്രിയൻ കെ കെ ചന്ദ്രൻ എന്നിവരാണ് ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നത്.
പൊതു പ്രവർത്തകനുള്ള പുരസ്കാരത്തിനു അർഹമായ ബാലൻ വാറനാട്ട്, ജൈവ കർഷകൻ കെ എസ് രാജേന്ദ്രൻ, ഐ എം എ പുരസ്കാരജേതാവ് രാജേഷ് ഗുരുവായൂർ എന്നിവരെ ആദരിക്കും. സംസ്കൃത സംഭാഷണകൂട്ടായ്മ അംഗങ്ങളുടെ കലാപരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരിക്കും.