ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പുതിയ ബസ്റ്റാന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റാനുള്ള ടെന്‍ഡര്‍ എടുക്കുന്നവര്‍ ഒഴിഞ്ഞ് മാറുന്നതിനാല്‍ ഓഫര്‍ നിരക്ക് സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഓഫര്‍ നിരക്കില്‍ പൊളിക്കാന്‍ എടുക്കുന്നവര്‍ നിരക്കിന്റെ 2.5 ശതമാനം ആദ്യം നഗരസഭയില്‍ കെട്ടിവയ്ക്കണമെന്ന് നിബന്ധനയുമുണ്ട്. പത്രത്തില്‍ പരസ്യം നല്‍കിയാണ് ടെന്‍ഡര്‍ സ്വീകരിച്ചത്. ഉയര്‍ന്ന നിരക്ക് നല്‍കിയ ടെന്‍ഡറുകാരന്‍ പൊളിക്കാന്‍ തയ്യാറാകാതെ പിന്‍മാറി. ഇയാള്‍ നഗരസഭയില്‍ കെട്ടിവച്ച ഇ.എം.ഡി യായ 12500 രൂപ നഗരസഭ ഫണ്ടില്‍ മുതല്‍ കൂട്ടി. പലപ്രാവശ്യം ടെന്‍ഡര്‍ നല്‍കിയിട്ടും കരാറുകാര്‍ പൊളിക്കല്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഓഫര്‍ നിരക്ക് സ്വീകരിച്ച് ബസ്റ്റാന്റ് പൊളിച്ച് നീക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തത്. പുതിയ ബസ്റ്റാന്റ് നിര്‍മിക്കുന്നതിന് ഏതുവിധേനയും പഴയത് പൊളിച്ച് നീക്കേണ്ടതുണ്ട്. അത് കൊണ്ടാണ് ഓഫര്‍ നിരക്കില്‍ പൊളിക്കലിന് അനുമതി നല്‍കേണ്ടി വരുന്നതെന്ന് ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു.
എന്നാല്‍ ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കൗണ്‍സിലിലെ സ്വതന്ത്ര അംഗം പ്രൊഫ പി കെ ശാന്തകുമാരി വിയോജിപ്പ് അറിയിച്ചു. നഗരസഭയുടെ ബയോ പാര്‍ക്കില്‍ കെട്ടി കിടന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് ഹാന്‍ഡ് ക്വട്ടേഷന്‍ സ്വീകരിച്ച് കുറഞ്ഞ നിരക്ക് രേഖപെടുത്തിയ ഏജന്‍സിക്ക് അനുമതി നല്‍കിയ ചെയര്‍മാന്റെ നടപടി ചട്ട വിരുദ്ധമാണെന്നും ശാന്തകുമാരി ആരോപിച്ചു. ഇതിനെ അനുകൂലിച്ചാല്‍ തനിക്ക് തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിന് അയോഗ്യത നേരിടേണ്ടിവരുമെന്നും, അതിന് താന്‍ തയ്യാറല്ലെന്നും പറഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബയോ പാര്‍ക്കില്‍ മാലിന്യം കെട്ടി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും ഇത് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ ആവശ്യപ്പെട്ടു.
തൈക്കാട് മന്നിക്കരയിലെ വനിതാ വ്യവസായ കേന്ദ്രം കാട് പിടിച്ച് കാലങ്ങളായി കിടക്കുകയാണെന്നും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ അജിത അജിത് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, എ.എസ്. മനോജ്, എ.എം. ഷെഫീര്‍, സി.എസ്.സൂരജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.