ഗുരുവായൂർ::ഗുരുവായൂർ അഗ്നിശമനരക്ഷാ നിലയത്തിന് രക്ഷാപ്രവർത്തനത്തിനായി ഇനി യന്ത്രവൽകൃത റബ്ബർ ഡിങ്കിയും. എൻ കെ അക്ബർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രവൽകൃത റബ്ബർ ഡിങ്കി ലഭ്യമാക്കിയത്.
ജലാശയ ദുരന്തങ്ങളിലും, അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് റബ്ബർ ഡിങ്കി. തീരദേശ മേഖലയായ ഗുരുവായൂരിന് പുതിയ റബ്ബർ ഡിങ്കി വളരെ ഉപകാരപ്രദമാകും.
യന്ത്രവൽകൃത റബ്ബർ ഡിങ്കിയുടെ ഉദ്ഘാടനവും, ഫ്ലാഗ് ഓഫ് കർമവും എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, തൃശൂർ ജില്ലാ ഫയർ ഓഫീസർ എം എസ് സുവി, ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി കെ കൃഷ്ണസാഗർ തുടങ്ങിയവർ പങ്കെടുത്തു.