the digital signature of the temple city

മഴയോര്‍മകളില്‍ നിറഞ്ഞ ഗ്രാമതുടിപ്പ്‌… വൈദ്യർ സുജിത്ത്‌ കുറുപ്പ്

- Advertisement -[the_ad id="14637"]

കോടപുതച്ച്‌ കൂനിക്കൂടിയ കിഴക്കന്‍ കുന്നിലെ അങ്ങേചരിവില്‍ നിന്നാണ്‌ മഴയിറക്കം. അകമ്പടിയായി കാറ്റിന്റെ അഷ്‌ടപദി. ഇറയല്‍പ്പം താഴ്‌ന്ന വീടിന്റെ ഉമ്മറത്തിരുന്ന്‌ മഴയുടെ ആരവത്തിനായി ചെവികൊടുക്കുംമുന്നെ, നോക്കെത്താ ദൂരം നീണ്ടുനിവര്‍ന്ന പാടവരമ്പുകളില്‍നിന്ന്‌ പേക്കാച്ചി തവളകളുടെ നീട്ടി കരച്ചില്‍ തുടങ്ങിയിട്ടുണ്ടാകും. കുന്നിന്‍ ചരിവില്‍നിന്ന്‌ മഴയിറങ്ങിവരുന്നത്‌ തങ്ങളുടെ കരച്ചില്‍ പാട്ടു കേട്ടിട്ടാണെന്ന ഭാവം..! ഇന്നത്തെ പോലെ അകന്നുനില്‍ക്കുന്ന കാലവര്‍ഷമല്ല; ഓര്‍മകളില്‍ ഓണംതുള്ളി നിറഞ്ഞുപെയ്യുന്നതത്രയും അനാദിയായ വെളുത്ത മഴക്കാലത്തിന്റെ ഭാവഭേദങ്ങളാണ്‌. കുന്നിന്‍ചരിവില്‍നിന്നിറങ്ങി കോട വകഞ്ഞുമാറ്റി പാടങ്ങളോരോന്നും കടന്ന്‌ ഉമ്മറപടിയിലെത്തുവോളം മഴയെ കണ്ടുകൊണ്ടിരുന്ന ബാല്യം. ഇന്ന്‌ പാടത്തിന്റെ വിസ്‌തൃതി കുറഞ്ഞു. മൂന്നു കാലം നെല്ല്‌ വിളഞ്ഞിരുന്ന പാടത്ത്‌ വാഴയും മറ്റ്‌ ഇടവിള കൃഷികളും ചേക്കേറി. മഴയുടെ കരസ്‌പര്‍ശമേല്‍ക്കേ കുളിരണിഞ്ഞ്‌ മുഖം കുനിച്ച്‌ തലയാട്ടി നിന്ന ആര്യന്‍പാടത്തിന്റെ ചേല്‌ പുതുകാലത്തിനില്ല. മിഥുനം പിറന്നാല്‍ പിന്നെ പാടത്ത്‌ ആര്യന്‍നെല്‍വിത്ത്‌ വിതയ്‌ക്കുന്ന തിരക്കാണ്‌. തൊപ്പി കുടകള്‍ ചൂടി ആണുങ്ങളും കൂടയണിഞ്ഞ്‌ പെണ്ണുങ്ങളും വയലുകളില്‍ നിറയും. നെല്‍ച്ചെടിതണ്ടുകള്‍ പിഴുതെടുത്ത്‌ മാറ്റിനട്ട്‌ നടുനിവര്‍ത്തുംമുന്നെ മഴയെത്തും. മഴനൂലുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന ഞാട്ടിപ്പാട്ടിന്‌ നാട്ടുമൊഴിയുടെ ഈണം. ഉമ്മറത്തിരുന്നാല്‍ കുന്നും മഴയും പാടവും പാടത്തെ പണിക്കാരേയും എല്ലാം ഒരൊറ്റ ഫ്രെയിമില്‍ കാണാമായിരുന്ന നോക്കെത്താ ദൂരെ കണ്ണുംനട്ട മിഴിവാര്‍ന്ന കാലം...! പടിഞ്ഞാറിന്‌ അതിരുവരയ്‌ക്കുന്ന കുന്തിപ്പുഴയ്‌ക്ക്‌ മഴക്കാല രാത്രികളില്‍ രൗദ്രഭാവമാണെന്ന്‌ തോന്നിയിട്ടുണ്ട്‌. മഴയുടെ ആരവത്തിന്‌ മറുപാട്ട്‌ പാടുംപോലെയാണ്‌ കാലവര്‍ഷത്തില്‍ കുന്തിപുഴയുടെ പകര്‍ന്നാട്ടം. പുഴയും മഴയും ഒന്നിച്ചുപാടുന്ന പാട്ടായിരുന്നു ഉറക്കത്തിലേക്കുള്ള താരാട്ട്‌. നിറഞ്ഞൊഴുകുന്ന പുഴയില്‍നിന്ന്‌ പാടപ്പള്ളകളിലേക്ക്‌ കുതറിചാടിയെത്തുന്ന പലതരം മീനുകള്‍ നെല്‍ച്ചെടികള്‍ക്കിടയിലൂടെ പൂളഞ്ഞ്‌ നീന്തും. ഒറ്റലും ചൂണ്ടയുമായി രാത്രികാലങ്ങളില്‍ മീന്‍പിടിക്കാനിറങ്ങുന്നവരെ അടയാളപ്പെടുത്തി ഞൊടിയിടയില്‍ മിന്നിതെളിയുന്ന അഞ്ചുകട്ട ടോര്‍ച്ചിന്റെ വെട്ടം മഴയില്‍ വിളറും. നിറഞ്ഞുപെയ്യുന്ന മഴയ്‌ക്കൊപ്പം വെളിച്ചപ്പാടായുറഞ്ഞെത്തുന്ന തെക്കന്‍ കാറ്റ്‌, രായിരനല്ലൂര്‍ മലനിരകളില്‍ വട്ടമിട്ടൊരല്‍പ്പനേരം ശാന്തമാകാറുണ്ട്‌. ഭ്രാന്തന്റെ മലമുകളില്‍ മഴത്തുള്ളിയടര്‍ത്തി പ്രകൃതിയുടെ തര്‍പ്പണത്തിനായുള്ള ഒഴിഞ്ഞുനില്‍പ്പ്‌..! പുഴയും പാടവും കെട്ടിപുണര്‍ന്നൊന്നായി പടരുന്ന, കാലവര്‍ഷ ജലസമൃദ്ധിയില്‍, മത്സ്യങ്ങളത്രയും പെറ്റുപെരുകും. കടലാഴങ്ങളിലും വംശവര്‍ദ്ധനവിന്റെ തുടിപ്പ്‌ തൊട്ടറിഞ്ഞ്‌ ട്രോളിംഗ്‌ നിരോധനം ഏര്‍പ്പെടുത്തുകയും ഇന്നും തുടരുകയും ചെയ്യുന്ന സര്‍ക്കാര്‍ തീരുമാനവും ഏറെ ഫലപ്രദം. നാട്ടുമീനുകളുടെ പ്രജനനകാലം കൂടിയാണ് കാലവർഷ തുടക്കം. ഗർഭാലസ്യത്തിൽ ഇണകൾക്കൊത്ത് പുതുവെള്ളത്തിൽ നീന്തി തുടിക്കുന്ന നാട്ടുമീൻ കൂട്ടങ്ങളെ സംരക്ഷിക്കേണ്ടതും കടമയായി കാണേണ്ടതു തന്നെ. ട്രോളിംഗ് നിരോധനത്തിന് സമാനമായി ഏറ്റുമീൻപിടുത്തത്തിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടതും അനിവാര്യം. വൈവിധ്യമാർന്ന നാട്ടുമീൻ സമ്പത്തിൻ്റെ സംരക്ഷണവും വ്യാപനവും പ്രതീക്ഷാനിർഭരമാർന്ന നല്ല നാളുകളിലേക്കുള്ള നീക്കിയിരിപ്പ് കൂടിയാണ്... നോക്കെത്താ ദൂരെ നിറഞ്ഞുതൂവും പാടങ്ങളില്‍ മഴയൊഴിഞ്ഞ പകലൊരുമാത്ര സൂര്യതമ്പുരുമീട്ടി മനമറിഞ്ഞ്‌ പാടും. കാറ്റിന്റെ തുടുവിരല്‍തുമ്പ്‌ തൊട്ടൊരുമാത്രയില്‍ നെല്‍ച്ചെടികള്‍ നാണത്താല്‍ തലമറയ്‌ക്കാന്‍ പാടുപെടും. ഓളംതുള്ളും വയല്‍വെള്ളത്തില്‍ സൂര്യാംശുവത്രയും ആയിരം സ്വര്‍ണ്ണനാണയ തുട്ടുപോലെ ഇളകിയാടും. കലി തുള്ളും കർക്കിടകത്തിൽ നിറഞ്ഞു തുളുമ്പിയ വയലേലകൾ മുറിച്ച്‌ കടക്കാന്‍ പക്ഷികള്‍ക്ക്‌ പോലും സാധിക്കുമായിരുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നാണ്‌, ഇക്കാലയളവില്‍ അക്കരകാക്ക ഇക്കരയ്‌ക്ക്‌ വരില്ലെന്ന ചൊല്ല്‌ തന്നെ രുപം കൊണ്ടതും...! കൃഷിയൊഴിഞ്ഞ നേരമില്ലായിരുന്നു എടപ്പലം ഗ്രാമത്തിന്‌. മിഥുനത്തില്‍ വിതയ്‌ക്കുന്നതാണ്‌ കന്നികൊയ്‌ത്തിനുള്ള വിളവ്‌. വര്‍ഷത്തില്‍ മൂന്നായിരുന്നു നെല്‍കൃഷി. നാടന്‍ വിത്തിനങ്ങള്‍ ജൈവവളങ്ങള്‍ മാത്രം വിതറി വളര്‍ത്തിയെടുക്കുന്ന നാട്ടറിവിന്റെ തെളിച്ചത്തില്‍ നൂറുമേനിയായിരുന്നു വിളവ്‌. വിളവിൻ്റെ ഊര് എന്നർത്ഥത്തിലത്രേ വിളയാവൂര്‍ എന്ന സ്ഥലനാമം രൂപപ്പെട്ടതും..! അന്യംനിന്നപോയ കാര്‍ഷിക പെരുകയില്‍ ഇന്നും അഭിരമിക്കുന്നവരും ഗ്രാമത്തിലുണ്ട്‌. അയല്‍വാസിയും കൃഷിയെ ജീവനുതുല്ല്യം സ്‌നേഹിക്കുകയും ചെയ്യുന്ന വലിയപാലം ലുക്ക്‌മാന്‍ ഇതിനൊരുദാഹരണവുമാണ്‌. കൃഷിയിടത്തിലെ മികച്ച പ്രവര്‍ത്തനങ്ങളാല്‍ ആദരവ്‌ നിറഞ്ഞ വ്യക്‌തിത്വത്തിനുടമ. മഴയൊഴിഞ്ഞ പകലുകളില്‍ അച്ചന്റെ കൈതുമ്പേറി തൊടിവരമ്പുകളിലൂടെ നടക്കുമ്പോഴൊക്കെയും പച്ചമരുന്നിന്റെ ഗന്ധമായിരുന്നു അലയടിച്ചിരുന്നത്‌. അപൂര്‍വ്വ ഔഷധസസ്യ സമ്പത്താല്‍ ധന്യമായ സൈലന്റ്‌വാലി കാടുകളെ തഴുകിയെത്തുന്ന കുന്തിപ്പുഴയിൽ മുഖമുരുമ്മിയ പടിഞ്ഞാറന്‍കാറ്റിന്റെ ഗന്ധമാണതെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. പടിഞ്ഞാറോട്ട്‌ തുറന്നിട്ട ജാലകത്തിലൂടെ മഴവരവും കാത്തിരിക്കുന്ന പകലുകളില്‍ ഈ കാറ്റിന്റെ കൈകള്‍ ഇന്നുമെന്നെ വരിഞ്ഞുമുറുക്കാറുമുണ്ട്‌. കുന്നിന്‍ചരിവുകളില്‍ മഴ പിടഞ്ഞുണരുന്നതും, പല ഭാവമാര്‍ന്ന്‌ തഴുകിയും ആര്‍ത്തിരമ്പിയും ഉമ്മറപ്പടിവരെയെത്തുന്നതും കാണാന്‍ മാത്രം വിശാലമല്ലിന്ന്‌ വയലുകളെങ്കിലും മഴയ്‌ക്ക്‌ അന്നും ഇന്നും ഒരേ താളവും ഗന്ധവുമാണ്‌. ജനിമൃതികളുടെ കെട്ടുപാടുകള്‍ അറുത്തുമാറ്റി പുതുമണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന മഴ വേരുകള്‍. മൗനാര്‍ദ്രമായ കൊക്കുരുമ്മലിലുടെ പ്രണയാതുരമായി ചിറകുവിടര്‍ത്തുന്ന മഴപക്ഷി. താഴ്‌ന്ന ചില്ലയിലൊന്ന്‌ നീട്ടി മറുചില്ലയിലേക്ക്‌ രതിയുടെ പരാഗങ്ങളത്രയും വിതറി മരതലപ്പുകളുടെ ആനന്ദനടനം. വെന്തുരുകിയ വേനല്‍കാലമത്രയും തപസ്‌ചര്യയോടെ കാത്തിരിക്കുന്ന പുല്‍ക്കൊടിതുമ്പിലേക്ക്‌ വിണ്ണിന്റെ പ്രണയ സന്ദേശമെന്നപോല്‍ ആദ്യകണമായി ഉതിര്‍ന്നുവീണ മഴതുള്ളി തിളക്കം. എടവപ്പാതിയും കൊഴിഞ്ഞ്‌ മിഥുനത്തിലേക്ക്‌ ഋതു പടര്‍ന്നെങ്കിലും അനാദിയായ കാലവര്‍ഷത്തിന്റെ ആവേശമൊട്ടും ഇത്തവണ കണ്ടതുമില്ല. രണ്ട്‌ ദിനംകൊണ്ടെത്തുമെന്ന കാലാവസ്‌ഥാ പ്രവചനത്തിലാണാശ്വാസവും പ്രതീക്ഷയും...

വൈദ്യർ സുജിത്ത്‌ കുറുപ്പ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts