ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനം ആഘോഷിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
ശ്രീ ഗുരുവായുരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന സമാദരണ സമ്മേളനം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.

കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ പി വി.കൃഷ്ണൻ നായർ വായനാദിന സന്ദേശം നൽകി. ജീവിതത്തിൽ മൂല്യബോധം ഉണ്ടാകാൻ വായന വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ മനുഷ്യനാകണമെങ്കിൽ വലിയ വായനക്കാരൻ ആകണം. സമൂഹത്തെ സൃഷ്ടിക്കുന്നത് ഗ്രന്ഥങ്ങളാണെന്ന് എച്ച്.ജി വെൽസിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനെ പൊന്നാടയണിയിച്ചു ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരവും അദ്ദേഹം ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു. സമാദരണ സമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ഭക്തപ്രിയ പത്രാധിപ സമിതി അംഗം രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ സംസാരിച്ചു. ടി ഡി രാമകൃഷ്ണൻ ആദരവിന് നന്ദി അറിയിച്ചു.
ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങൾ നൽകി. ദേവസ്വം മതഗ്രന്ഥശാലയിൽ അംഗങ്ങളായ മികച്ച വായനക്കാരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ കൃതജ്ഞത രേഖപ്പെടുത്തി.