ഗുരുവായൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംരംഭം ആരംഭിക്കുകയും തൊഴില്‍ ഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത് സംരംഭ സൗഹൃദ നഗരസഭയായി മാറിയ ഗുരുവായൂര്‍ നഗരസഭയിലെ ‘ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴില്‍’ പദ്ധതിയിലൂടെ ആരംഭിക്കുന്ന വാര്‍ഡ് 11 ലെ ചക്കംകണ്ടം സെയ്ത് ഫുഡ് പ്രൊഡക്ഷന്‍ ആന്‍ഡ് റീ പാക്കിംഗ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
ജൂണ്‍ 19 ന് നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എ എം ഷെഫീര്‍ സ്വാഗതവും, സെയത് ഫുഡ് പ്രൊഡക്ഷന്‍ ആന്‍ഡ് റീ പാക്കിംഗ് യൂണിറ്റ് സംരംഭക ഷഹാന ഫഹദ് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു അജിത് കുമാര്‍, തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹാരിസ് പാലുവായ്, നഗരസഭ വ്യവസായ ഓഫീസര്‍ ബിന്നി വി സി എന്നിവര്‍ സംസാരിച്ചു.
നഗരസഭ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴില്‍ നടപ്പിലാക്കുന്നത്. ഗുരുവായൂര്‍ നഗരസഭയിലെ സംരംഭക സൗഹൃദ സാഹചര്യം സംരംഭകര്‍ ഉപയോഗപ്പെടുത്തിയതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്തരം സംരംഭക യൂണിറ്റുകളെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.