ഗുരുവായൂർ: കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏറ്റവും ആദ്യത്തെ സ്പോർട്സ് ഹോസ്റ്റൽ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങുന്നു… ഏകദേശം 40 വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ് ശ്രീകൃഷ്ണയിൽ സ്പോർട്സ് ഹോസ്റ്റൽ.
മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ് തുടങ്ങി നിരവധി ഒളിമ്പ്യന്മാരെ സൃഷ്ടിച്ച ഒരു സ്ഥാപനമാണിത്. കൂടാതെ ഇന്ത്യൻ വനിത അത്‌ലറ്റുകളായ അനിൽഡയും അനു രാഘവനെ പോലുള്ളവരും പരിശീലനത്തിന് ഉപയോഗപ്പെടുത്തിയ ഗ്രൗണ്ട് കൂടിയാണിത്. വർഷങ്ങളോളം യൂണിവേഴ്സിറ്റി സ്പോർട്സ് ചാമ്പ്യന്മാർ ആയിരുന്നു ശ്രീകൃഷ്ണ കോളേജ്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പോലുള്ള മാനേജ്മെൻറുകൾ പണം വാരിയെറിഞ്ഞ് പ്രതിഭകളെ കണ്ടെത്തി കുറച്ചു വർഷമായി യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സകല പരാധീനതകൾക്കിടയിലും നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശീലനത്തിനിടയിലാണ് ഇത്തരം ഒരു സാഹചര്യം. ഇവിടെ ഗുരുവായൂർ ദേവസ്വത്തിന് പണം ഉണ്ടെങ്കിലും കായിക താരങ്ങൾക്ക് കിട്ടില്ലെന്ന് പറയുന്നു. കോളേജ് പി ടി എ ഫണ്ട് ആയിരുന്നു ഏക ആശ്രയം ഇപ്പോൾ അതും വെട്ടിക്കുറച്ചു, ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും യാതൊരുവിധ സാമ്പത്തിക സഹായവും ഇല്ല. കോളേജിലെ കായിക അധ്യാപകരും, കോളേജ് ഗ്രൗണ്ടിലെ മോണിംഗ് വാക്കേഴ്സ് ക്ലബ്ബിലെ അംഗങ്ങളും ചേർന്നാണ് കഴിഞ്ഞ കുറച്ചുകാലമായി ഈ കായിക താരങ്ങളെ താങ്ങി നിർത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തോടുകൂടി കോളേജിലെ അവസാന കായിക താരത്തിനും ടി സി കൊടുത്ത് പറഞ്ഞയച്ചു
ഇന്നലെ കാലത്ത് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന വികാരനിർഭരമായ ചടങ്ങിൽ കോളേജിന്റെ പ്രിയപ്പെട്ട അത്‌ലറ്റിക് കോച്ച് ആയിരുന്ന പ്രിന്റോ റിബല്ലക്ക് കോളേജ് ഗ്രൗണ്ടിൽ വച്ച് മോണിംഗ് വാക്കേഴ്സ് അസോസിയേഷനും, കോളേജ് കായിക വിഭാഗം എച്ച് ഒ ഡി ഹരിദയാലും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി. മുതിർന്ന അംഗമായ സി ഐ വർഗീസ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു, ഈ വർഷം ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ നിന്ന് റിട്ടയർ ചെയ്ത എസ് ഐ സോമൻ മൊമെന്റോ നൽകി. ചടങ്ങുകൾക്ക് ഇ ഡി കൊച്ചുമാത്യു, ഹരീഷ് നാരായണൻ, രാജഗോപാലൻ തൈക്കാട്ടിൽ, പി എസ് രേണുജൻ, പി ഡി സൈമൺ, ദികേഷ് പോഴത്ത്, പ്രസൂൺ പ്രഭാകരൻ, സുമാ രവീന്ദ്രൻ തുടങ്ങി ശ്രീകൃഷ്ണ കോളേജിലെ മോണിംഗ് വർക്കേഴ്സ് അംഗങ്ങൾ നേതൃത്വം നൽകി.