ഗുരുവായൂർ: ഗുരുവായൂർ കിഴക്കെ നട റെയിൽവെ ഗൈയ്റ്റിനു് സമീപം തൃശൂർ ഭാഗത്തേയ്ക്ക് പോകുന്നതിനുള്ള താൽക്കാലിക ബസ്സ് സ്റ്റാൻഡിൻ്റെ എല്ലാ ഭാഗങ്ങളിലും, ചെളിയും, കുളവുമായി കാൽനട പോലും കഴിയാത്ത ദുരവസ്ഥയ്ക്കെതിരെ അധികാരികൾ കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ടു് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ താൽകാലിക ബസ്സ് സ്റ്റാൻഡ് പരിസരത്തെ ചെളിയിൽ നിന്ന് പ്രതിഷേധിച്ചു.
വാഹനങ്ങളും, വഴിയാത്ര കാരും, വന്നെത്തുന്നവരും, വന്ന് പോകുന്നവർക്കും നിരന്തരം ചെളിയും, വെള്ളവും മൂലം ഉണ്ടാക്കപ്പെടുന്ന അപകടങ്ങളും, യാത്രാദുരിതങ്ങളും അനുദിനമെന്നോണം തുടർന്ന്കൊണ്ടിരിയ്ക്കുകയാണ്. ഇനിയും മതിയായ പരിഹാരം കണ്ടിലെങ്കിൽ തുടർച്ചയായ സമരത്തിന് തദ്ദേശവാസികളെ കൂടി ചേർത്ത് സമരം തുടരുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണു് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
നഗരസഭാ കൗൺസിലർമാരായ കെ.പി എ റഷീദ്, വി കെ സുജിത്ത്, സി എസ് സൂരജ്, ബി വി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ സമരം സാംസ്കാരിക പ്രവർത്തകനും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി വി എ സുബൈർ അധ്യക്ഷനായി. പി കൃഷ്ണപ്രസാദ്, ആർ വി മുഹമ്മദ്, കെ രമേഷ്, പി യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു.