ഗുരുവായൂർ: ഓണത്തിന് മുറ്റത്ത് പൂക്കളമൊരുക്കാൻ ഗുരുവായൂർ നഗരസഭയിലുള്ളവർക്ക് നാടുനീളെ അലയേണ്ട. നഗരസഭ ജനകീയസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിക്കുന്ന പുഷ്പനഗരം പദ്ധതിക്ക് തുടക്കമായി. ഓണവിപണി ലക്ഷ്യമിട്ട് 23 ക്ലസ്റ്ററുകളിലായാണ് പദ്ധതി ആരംഭിച്ചത്. സ്വകാര്യവ്യക്തിയുടെ 15 സെന്‍റ് സ്ഥലത്ത് കൃഷി ചെയ്യുന്നത് നിര്‍മ്മാല്യം അയല്‍ക്കൂട്ടമാണ്. വനിതകള്‍ക്ക് മാത്രമായിട്ടുളള പുഷ്പകൃഷിക്ക് 23 ക്ലസ്റ്ററുകളിലേക്കായി അമ്പതിനായിരം ചെണ്ടുമല്ലി തൈകളാണ് 75 ശതമാനം സബ്സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുളളത്.
1.50 ലക്ഷം രൂപയാണ് പദ്ധതി തുക. കൃഷിയും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത സൃഷ്ടിച്ചെടുക്കുന്നതിനായി നഗരസഭ ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ പുഷ്പനഗരം പദ്ധതിയിലൂടെ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന പൂക്കള്‍, വലിയ മത്സരം നിലനില്‍ക്കുന്ന ഓണപ്പൂവിപണിയില്‍ വലിയൊരു ഇടപെടലായി മാറുന്നതാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
പുഷ്പകൃഷിയുടെ ഉദ്ഘാടനം തൈക്കാട് മില്ലുംപടിയില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാരായ പി കെ നൗഫല്‍, അജിത ദിനേശന്‍, രഹിത പ്രസാദ്, ദീപ ബാബു, പി വി മധുസൂദനന്‍, സുബിത സുധീര്‍, ദീപ ബാബു കൃഷി ഓഫീസര്‍മാരായ എസ് ശശീന്ദ്ര, പി ഗംഗാദത്തന്‍, എ റെജീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ടി എസ് അബി തുടങ്ങിയവര്‍ പങ്കെടുത്തു.