കണ്ടാണശ്ശേരി : മലയാളിയെ ആധുനിക മനുഷ്യനാക്കാൻ കുമാരനാശാന്റെ കൃതികൾ എപ്രകാരമാണോ സഹായിച്ചത് അതുപോലെ ആധുനിക ജീവിതത്തെ മനുഷ്യപ്പറ്റുള്ളതാക്കാൻ കോവിലന്റെ കൃതികൾക്ക് കരുത്തുണ്ടെന്ന് അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. കോവിലന്റെ സ്മൃതികുടീരത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ കുമാരനാശാൻ കൃതികളെ ജനകീയമാക്കിയതു പോലെ കോവിലന്റെ കൃതികളെ വിലയിരുത്തി ജനങ്ങളിലെത്തിക്കാൻ നിരൂപകർ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടാള ബാരക്കുകളെ അവതരിപ്പിക്കുമ്പോഴും സമീപമുള്ള വയലുകളെയും പശിമയാർന്ന മണ്ണിനെയും ആവിഷ്കരിക്കാൻ മറക്കാത്ത പ്രതിഭയാണ് കോവിലന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുരളി പെരുനെല്ലി എം.എൽ.എ.യുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ.പി. രാജേഷ് കുമാർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ , ഡോ.ആർ. സുരേഷ് ,എൻ. എസ്. ധനൻ ,പി ആർ . എൻ.നമ്പീശൻ , എം. ജെ. പൗർണിമ , ജയ്സൺ ചാക്കോ , അരവിന്ദൻ പണിക്കശ്ശേരി, ഏ.ഡി. ആന്റു , മേജർ പി.ജെ. സ്റ്റൈജു, ടി.വി. ജോൺസൺ, ടി.ആർ. രഞ്ജി , ഹരീഷ് നാരായണൻ , കരീം അരിയന്നൂർ, ജഗൻ വി.സി, പ്രീതി ഹരീഷ്, പി.എൻ. അരവിന്ദാക്ഷൻ ,സാബു ജേക്കബ് എന്നിവർ സംസാരിച്ചു. കാലത്ത് കോവിലൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു.