2023 മെയ് 21 ന് ചൊവ്വല്ലൂർ ശിവക്ഷേത്ര പരിസരത്തു സംഘടിപ്പിക്കുന്ന “മനോമോഹനം 2023” എന്ന സംസ്കാരിക പരിപാടിയിൽ വെച്ച് പ്രശസ്ത വാദ്യകലാകാരനായ ചൊവ്വല്ലൂർ മോഹനനെ വീരശൃംഖല നൽകി ആദരിക്കുന്നു.
രാവിലെ 8 മണിക്ക് സോപാന സംഗീതജ്ഞൻന്മാരായ ഏലൂർ ബിജു, ഹരിപ്പാട് ശ്യാം എന്നിവർ അവതരിപ്പിക്കുന്ന അഷ്ടപദിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ രാത്രി 10 മണിവരെ നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
നാഗസ്വര കലാകാരനായ മരുത്തോർവട്ടം ബാബുവും സംഘവും അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരി, കൊമ്പുപറ്റ്, കുഴൽപറ്റ്, പത്മശ്രീ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന ഡബിൾ കേളി എന്നിവ അരങ്ങേറും.
പത്മശ്രീ പെരുവനം കുട്ടൻമാരാർ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യും. മഹാമഹിമശ്രീ. ശ്രീ.തൃപ്പൂണിത്തറ അനുജൻ തമ്പുരാൻ വീരശൃംഖല സമർപ്പണം നിർവ്വഹിക്കുന്ന സുമുഹൂർത്തത്തിൽ ടി.എൻ പ്രതാപൻ എം പി., മുരളി പെരുന്നെല്ലി, എം എൽ എ, ജയരാജ് വാരിയർ, ഉണ്ണി കെ വാരിയർ, ശിവജി ഗുരുവായൂർ തുടങ്ങി കലാ സാംസ്കാരിക സാമൂഹിക രാഷ്രീയ മേഖലയിലെ പ്രശസ്ത വ്യക്തികൾ യോഗത്തിൽ പങ്കെടുക്കും.
തുടർന്ന് കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പകയും, കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ ചൊവ്വല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഗുരുവായൂര്‍ വിമല്‍, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂര്‍ ജയന്‍, കലാമണ്ഡലം രജീഷ് എന്നിവര്‍ വാര്‍ത്താ.സമ്മേളനത്തില്‍ അറിയിച്ചു.