ഗുരുവായൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിനായി ഈ വർഷവും നൂറ് കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. എട്ടു കോടി രൂപ ക്ഷേത്ര ഉൽസവങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായം വിതരണം മൂന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേവസ്വം ബോർഡുകളുടെ ഒരു നയാ പൈസ പോലും സർക്കാർ എടുക്കുന്നില്ല. മറിച്ചുള്ള പ്രചരണം അസത്യമാണ്. ദേവസ്വം ബോർഡുകൾക്കായി കഴിഞ്ഞ 5 വർഷം 458 കോടി രൂപ നൽകിയ സർക്കാരാണിത്. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള 4 ദേവസ്വം ബോർഡുകൾക്കും ഈ സഹായം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിന് സർക്കാർ തടസ്റ്റം നിൽക്കുന്നില്ല. ബോർഡുകൾ ഭരണസൗകര്യം മെച്ചപ്പെടുത്തണം. ബയോഡൈവേഴ്സിറ്റി ദിനത്തില്‍ കേരളത്തിലെ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കാന്‍ ക്ഷേത്ര ഭാരവാഹികൾ പദ്ധതി സ്വീകരിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് ചെയ്യുന്ന ഏറ്റവും വലിയ സേവനം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ക്ഷേത്രവും വളരുമ്പോള്‍ അതിനു പിന്നില്‍ സമൂഹത്തിനും നന്മയിലേക്ക് വളരാനുള്ള അവസരം ഉണ്ടാവണം. അതുകൂടി ലക്ഷ്യം വെച്ചാവണം ഓരോ ക്ഷേത്രഭാരവാഹികളും പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അഴകൊടി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 255 ക്ഷേത്രങ്ങൾക്കായി 1.64 കോടി രൂപയാണ് ധനസഹായം നൽകിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഴകൊടി ദേവസ്വം ചെയർമാൻ ടി രാധാകൃഷ്ണൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, സി മനോജ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.