ഗുരുവായൂർ: ഹൈന്ദവർ ഈശ്വര ഭജനത്തിന് ഏറെ പ്രാധാന്യം നൽകുന്ന വൈശാഖ പുണ്യമാസം വെള്ളിയാഴ്ച സമാപിക്കും.
നാല് ഭാഗവത സപ്താഹങ്ങളാണ് ഇക്കാലത്ത് ക്ഷേത്രത്തിൽ നടന്നത്. തോട്ടം ശ്യാം നമ്പൂതിരി യജ്ഞാചാര്യനായി നടക്കുന്ന നാലാമത്തെ സപ്താഹം വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും.
മേൽപ്പുത്തൂർ ഓഡിറ്റോ റിയത്തിൽ സന്ധ്യയ്ക്ക് നടക്കുന്ന വൈശാഖ ഭക്തി പ്രഭാഷണവും വെള്ളിയാഴ്ച സമാപിക്കും.
ഭക്തജനത്തിരക്ക് ഏറെ അനുഭവപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒരു മാസം. മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഭക്ത ജനതിരക്കാണ് ഇക്കുറി വൈശാഖ കാലത്ത് ക്ഷേത്രത്തിൽ ഉണ്ടായത്. ദർശനം സുഗമമാക്കാൻ വൈകിട്ട് ഒരു മണിക്കൂർ നേരത്തെ 3.30ന് ക്ഷേത്രനട തുറന്നു. ക്ഷേത്രത്തിലെ വരുമാനത്തിലും വഴിപാടിലും വൻ വർധന ഉണ്ടായിട്ടുണ്ട്.
കൊടിമരത്തിന് സമീപത്തു കുടി ഭക്തരെ നാലമ്പലത്തിലേക്ക് നേരിട്ട് പ്രവേശിപ്പിച്ചതിനാൽ തിരക്ക് കുറയ്ക്കാനായി. ക്ഷേത്രത്തിൽ പുലർച്ചെ 5 മുതൽ പ്രഭാത ഭക്ഷണം, 10 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് ചായ ലഘുഭക്ഷണം, രാത്രി പ്രസാദ ഊട്ട് സൗകര്യങ്ങൾ ഉണ്ടായിരുന്നു
പുറത്ത് കാത്ത് നിൽക്കുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ചുക്കുവെള്ളം, സംഭാരം എന്നിവ നൽകി. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കി ദർശനം സുഗമമാക്കാൻ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജ യൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.