കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ മുന്നേറ്റവുമായി കോൺഗ്രസ്. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് വേണം അനുമാനിക്കാൻ. രാഷ്ട്രീയ കുതിരക്കച്ചവടം തടയാനുള്ള ഹൈക്കമാൻഡ് നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
മോദിയുടെ റോഡ് ഷോ ഉൾപ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കർണാടകയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. നിലവിൽ കോൺഗ്രസ് 115 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 78 സീറ്റുകളിലും ജെഡിഎസ് 26 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വൻ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാൽ ഫലം വന്നതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമായിരുന്നു മോദി കർണാടകയിൽ പ്രചാരണത്തിന് എത്തിയത്.
കര്‍ണാടകയില്‍ ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗമാണ്. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്. മുംബൈ കര്‍ണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇതിനോടകം പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
അതേസമയം ജെഡിഎസ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.