ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 11 വ്യാഴാഴ്ച മുതൽ ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂരപ്പന്റെ അഭിഷേകത്തിനും നിവേദ്യത്തിനും ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണിത്. എന്നാൽ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം അറിയിച്ചിട്ടില്ല.
വെള്ളനിവേദ്യം, പാൽപായസം, നെയ്പായസം തുടങ്ങിയവ തയാറാക്കുന്നതിനു മണിക്കിണറിലെ ജലമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും. 2014 ഏപ്രിലിൽ മണിക്കിണർ വറ്റിച്ച് ചെളി കോരി വൃത്തിയാക്കിയിരുന്നു.
അടുത്ത കാലത്ത് വീണ്ടും വെള്ളത്തിനു നിറം മാറ്റം കണ്ടു തുടങ്ങി. ഈ സാഹചര്യത്തിൽ വെള്ളം വറ്റിച്ചു നെല്ലിപ്പടി മാറ്റി നവീകരിക്കും. കരിങ്കല്ലു കെട്ടിയ കിണറിനുള്ളിൽ കളിമൺ റിങ്ങുകൾ സ്ഥാപിക്കും. ഇടയിൽ പുഴ മണൽ, ചെറിയ മെറ്റൽ, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതി ദത്ത വസ്തുക്കൾ നിറയ്ക്കും. നാലമ്പലത്തിനകത്തെ മഴ വെള്ളം സംഭരിച്ച് ശുദ്ധീകരിച്ചു മണിക്കിണറിലേക്കു വിടും
നാലമ്പലത്തിൽ നിന്നുള്ള ഓവുകൾക്കു പകരം പൈപ്പ് സ്ഥാപിക്കും. 30 ലക്ഷത്തോളം രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ വഴിപാടായി നടത്തുന്നത് ചെന്നൈയിൽ ബിസിനസ് ചെയ്യുന്ന മലയാളിയായ പ്രദീപ് എന്ന ഭക്തനാണ്.
എറണാകുളം സ്വദേശിയായ എൻജിനീയർ ശ്രീനിവാസന്റെ മേൽനോട്ടത്തിലാണു നവീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർ ത്തിയാക്കും.