ഗുരുവായൂർ: ഗുരുവായൂർ വേദിക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞുണ്ണി മാഷിന്റെ തൊണ്ണൂറ്റിയേഴാം ജയന്തി ആഘോഷവും അനുബന്ധിച്ചുള്ള പുരസ്കാരദാനവും നടത്തി. ഗുരുവായൂർ നഗര സഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് കവിയും ഗാന രചയിതാവുമായ ആർ കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ ഹൈക്കു കവിതകൾ പ്രചാരത്തിലെത്തുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കുഞ്ഞു പദങ്ങൾ കൊണ്ട് ആശയ സമ്പന്നമായ കവിതകൾ കൈരളിക്ക് സമ്മാനിച്ച കവിയാണ് കുഞ്ഞുണ്ണി മാഷെന്ന് അദ്ദേഹം വ്യക്തമാക്കി.

കവി രാധാകൃഷ്ണൻ കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ കുഞ്ഞുണ്ണിമാഷ് പുരസ്കാരമായ ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും (15000 രൂപ) കവി രാമകൃഷ്ണൻ കണ്ണോമിന് (കണ്ണൂർ ) പുരസ്കാര ദാനവും ആർ.കെ.ദാമോദരൻ സമ്മാനിച്ചു. എഴുത്തുകാരി ശ്രീകല മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. വേദിക സാംസ്കാരിക സമിതി പ്രസിഡണ്ട് സജീവൻ നമ്പിയത്ത്, സിനിമാതാരം നന്ദകുമാർ എലിഞ്ഞിപ്ര, കഥാകൃത്ത് ഗോപിനാഥ് ചേന്നര, കവി കെ ദിനേശ് രാജ, സേതു എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം
ചെയ്തു.