ഗുരുവായൂർ: ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശനസാഫല്യം. കദളിപ്പഴം കൊണ്ട് തുലാഭാരം. ” വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം” – ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഒറ്റ വാചകത്തിലെ പ്രതികരണം ഇങ്ങനെ.തുടർന്ന് ഇടമുറിയാതെ ഉപനിഷദ് വാക്യമെത്തി. “യതോ
വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹാ”
ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷർട്ടും മുണ്ടും വേഷത്തിൽ ഗോപുര കവാടത്തിന് മുന്നിൽ നിന്ന് അദ്ദേഹം ഗുരുവായുർ കണ്ണനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ. ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഗവർണർക്ക് നൽകി. ദർശന സായൂജ്യത്താൽ മനം നിറഞ്ഞ ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു. ഇതിന് ചെലവായ 4250 രൂപ ദേവസ്വത്തിൽ അടച്ചു. തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം.

വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം കെ ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി.
ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ, പി ആർ ഓ വിമൽ ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.

