ഗുരുവായൂ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലതി ക്ഷേത്രത്തിലെ നവീകരണ കലശ – ബ്രഹ്മോത്സവത്തോടനുബന്ധിച്ച് താന്ത്രിക ആചാര അനുഷ്ഠാന നിറവിൽ ബ്രഹ്മകലശാഭിഷേകം നടന്നു.
സഹസ്രകലശത്തിനു് പരിസമാപ്തി കുറിച്ച് നടന്ന ബ്രഹ്മ കലശാഭിഷേക ചടങ്ങിൽ പ്രായശ്ചിത്ത ഹോമ കലശാഭിഷേകം, ശാന്തി ഹോമകലശഭിഷേകം, തത്വ കലശാഭിഷേകം, സഹസ്ര പരികലശാഭിഷേകം എന്നിവ പൂർത്തികരിച്ച് വലിയപാണി സകല വാദ്യഘോഷത്തോടു കൂടി ബ്രഹ്മകലശം ക്ഷേത്ര പ്രദക്ഷിണം ചെയ്ത് വന്ന് വെങ്കിടാചലപതിയ്ക്ക് അഭിഷേകത്തിലൂടെ ചതുർത്ഥബ്രഹ്മകലശാഭിഷേകം നടത്തി.മഹാ നിവേദ്യത്തോടു കൂടി പൂജ സമർപ്പണം കഴിഞ്ഞു് നടതുറന്ന് പരിവാരങ്ങൾക്ക് ശ്രീഭൂതബലി, ആചാര്യന്മാർക്ക് ദക്ഷിണാ സമർപ്പണം. എന്നിവയോടെ ബ്രഹ്മകല ശാഭിഷേക ചടങ്ങുകൾക്ക് അവസാനമായി.
ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്, കല്ലൂർ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തികൃഷ്കുമാർ തിരുമേനി, കീഴ്ശാന്തി ശിവകരൻ നമ്പൂതിരി തുടങ്ങിയ പതിനഞ്ചോളം ഉപതിരുമേനിമാരും, നാരായണ നമ്പീശനും, കോട്ടപ്പടി സന്തോഷ് മാരാരുടെ മുഖ്യ നേതൃത്വത്തിൽ വാദ്യ നിരയും കലശാഭിഷേക ചടങ്ങുകൾക്ക് സാരഥ്യം നൽകി.
വന്നെത്തിയവർക്ക് പ്രസാദവിതരണവും ചെയ്തു കലശവുമായി ക്ഷേത്രത്തിൽ ഭർശനത്തിന് വൻ ഭക്തജന തിരക്കും ഉണ്ടായി. നവീകരണ കലശത്തോടൊപ്പം നടത്തപ്പെടുന്ന ബ്രഹ്മോസവത്തിന് രാത്രി 8 മണിക്ക് (ഏപ്രിൽ 30 ഞായറാഴ്ച്ച) കൊടിയേറ്റ കർമ്മം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിയ്ക്കുന്നതുമാണ്. മെയ് 5 ന് ആറാട്ടോടെ കൊടി ഇറങ്ങുന്ന ഉത്സവത്തോടനുബന്ധിച്ച് രണ്ടു്നേരം അന്നദാനവും നൽക്കപ്പെടുന്നുണ്ട്.
ശ്രീ വെങ്കിടേശ്വര മണ്ഡപത്തിൽ ആദ്ധ്യാത്മിക കലാപരിപാടികളുടെ ഭാഗമായി കൊടിയേറ്റ ദിനത്തിൽ സോപാനസംഗീതം, പ്രഭാഷണം, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവയോടൊപ്പം മണലൂർ ഗോപിനാഥും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളലുമുണ്ടായി