ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ക്ലബ്ബുകളെയും അക്കാദമികളെയും പങ്കെടുപ്പിച്ചു കൊണ്ട് 120 ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റ് (അണ്ടർ 16) 2023 ഏപ്രിൽ 24 മുതൽ 27 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ വച്ച് നടത്തും.
ആയ ക്രിക്കറ്റ് അക്കാദമി തൃശൂർ, ബൗളേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് എറണാകുളം, ലംഗ്സ് ക്രിക്കറ്റ് അക്കാഡമി തൃശൂർ, തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്, ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമി തൃശൂർ, എസ് 3 ക്രിക്കറ്റ് അക്കാദമി വടക്കഞ്ചേരി, എം.എ ക്രിക്കറ്റ് അക്കാദമി കോതമംഗലം, പ്രതിൽ ക്രിക്കറ്റ് ക്ലബ്ബ് കൊല്ലം എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർമാരായ രഹിത പ്രസാദ്, ബി വി ജോയ്, ജ്യോതി രവീന്ദ്രനാഥ്, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മറ്റി അംഗം ആർ ജയകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തും. പ്രഥമ മത്സരത്തിൽ ആയ ക്രിക്കറ്റ് അക്കാദമി തൃശൂരും ട്രഡൻഡ് ക്രിക്കറ്റ് അക്കാദമി തൃശൂരും തമ്മിൽ ഏറ്റുമുട്ടും.
ഏപ്രിൽ 27 വ്യാഴാഴ്ച വൈകിട്ട് 4.30 ന് വിജയികൾക്ക് മുരളി പെരുനെല്ലി എം എൽ എ സമ്മാനദാനം നിർവ്വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയാകും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ കെ, കേരള ക്രിക്കറ്റ് അസോസിയേഷൻ അപ്പക്സ് കൗൺസിലർ കെ സതീഷ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ ആശംസ പ്രസംഗം നടത്തും. വിജയികൾക്ക് കെ കെ മോഹൻ റാം മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും, റണ്ണേഴ്സിന് ഡോ കെ. പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകും. കൂടാതെ മാൻ ഓഫ് ദ സീരിസ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഓൾ റൗണ്ടർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് വിക്കറ്റ് കീപ്പർ, ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന കളിക്കാരൻ, ഫൈനലിൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന കളിക്കാരൻ, ഫൈനലിൽ കൂടുതൽ സിക്സർ, ബൗണ്ടറി അടിക്കുന്ന കളിക്കാർ, ഹാട്രിക്ക് അടിക്കുന്ന കളിക്കാരൻ എന്നിവർക്ക് കാഷ് പ്രൈസും ട്രോഫികളും ഉണ്ടായിരിക്കും. ടൂർണ്ണമെന്റ് കമ്മറ്റി തെരെഞ്ഞെടുക്കുന്ന കളിക്കാരന് തറയിൽ റഷീദ് മെമ്മൊറിയൽ ട്രോഫിയും സമ്മാനിക്കും.
പത്ര സമ്മേളനത്തിൽ ദൃശ്യ ഭാരവാഹികളായ കെ.കെ ഗോവിന്ദദാസ്, അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ, അജിത് ഇഴുവപ്പാടി, വി.പി. ആനന്ദൻ, ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ എ.കെ രാധാകൃഷ്ണൻ, ചീഫ് കോ-ഓർഡിനേറ്റർ പി. ശ്യാംകുമാർ, എ.ആർ. സഞ്ജയ് എന്നിവർ പങ്കെടുത്തു.