ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് വേനൽ ചൂടിൽ ആശ്വാസവുമായി തെക്കേ നടയിലും ദേവസ്വം തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി. വരി നിൽക്കുന്ന ഭക്തർക്ക് ദാഹമകറ്റാനും ഉൻമേഷം പകരാനും സൗജന്യമായി സംഭാരം വിതരണം ചെയ്യും.
തെക്കേ നടയിലെ തണ്ണീർ പന്തലിൻ്റെ പ്രവർത്തന ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തരയോടെ ഭദ്രദീപം തെളിയിച്ച് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. തണ്ണി മത്തൻ ജ്യൂസാണ് ഇന്ന് ഭക്തർക്ക് നൽകിയത്. ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രന് ആദ്യം ഒരു ഗ്ലാസ് തണ്ണി മത്തൻ ജ്യൂസ് നൽകി ദേവസ്വം ചെയർമാൻ തണ്ണീർ പന്തൽ ഭക്തർക്ക് സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ ആർ ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഹെൽത്ത് സൂപ്പർവൈസർ രാജീവ്, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി.
ഭക്തർക്ക് സംഭാരം നൽകാനായി കിഴക്കേ നടയിൽ തണ്ണിർ പന്തൽ തുടങ്ങിയതിനു പുറമെയാണ് തെക്കേ നടയിലും ആരംഭിച്ചത്. ദേവസ്വം ഹെൽത്ത് വിഭാഗത്തിനാണ് ചുമതല. ഒരു ഭക്തൻ സമർപ്പിച്ച തണ്ണി മത്തൻ ആണ് ഇന്ന് ജ്യൂസായി നൽകിയത്. വെള്ളിയാഴ്ച മുതൽ സംഭാരമാകും നൽകുക.