ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹ മണ്ഡപങ്ങളിൽ ഇനി രാത്രിയിലും വിവാഹങ്ങൾ നടത്താം.
സമയത്തിന്റെ കാര്യത്തിൽ തീരുമാനങ്ങൾ ആയിട്ടില്ലെന്നു മാത്രം. എങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് വിവാഹം നടത്താവുന്നതാണ്. രാത്രി 9 മണിയോടെ ശീവേലിക്കു ഗുരുവായുരപ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല
ഇപ്പോൾ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം പതിവില്ല.
ഗുരുവായൂർ ക്ഷേത്രം കല്യാണ മണ്ഡപത്തിൽ രാത്രിയിലും വിവാഹം നടത്തുക വഴി അതുമായി ബന്ധപ്പെട്ടു വലിയൊരു സാമ്പത്തിക മേഘല തന്നെയാണ് ഗുരുവായൂരിൽ വരാനിരിക്കുന്നത്. ഗുരുവായൂരിലെ വിവാഹവുമായി ബന്ധപ്പെട്ട് സേവനങ്ങൾ നടത്തുന്നവർക്ക് ഇതൊരനുഗ്രഹമായിരിക്കും.
കല്യാണ മണ്ഡപങ്ങൾ, ലോഡ്ജുകൾ, കേറ്ററിംഗ് സർവ്വീസ്, സ്റുഡിയോകൾ, ഫ്ലവർ മാർട്ട് തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് ഗുരുവായൂരപ്പന്റെ മുന്നിലുള്ള ജീവിത മാർഗം കൂടിയാണിത്. അതുപോലെ ക്ഷേത്രത്തിനും നഗരസഭക്കും വലിയൊരു സാമ്പത്തിക നേട്ടവുമാണിത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇപോൾ ചില ദിവസങ്ങൾ 250ൽ പരം വിവാഹങ്ങൾ ഉച്ചക്ക് മുൻപേ നടത്താറുണ്ട്. തിരക്കുകൾക്കനുസരിച്ച് ദേവസ്വം അതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. എങ്കിലും രാത്രി വിവാഹം നടത്തുന്നതുവഴി വലിയൊരു ജനകൂട്ടത്തെ നിയന്ത്രിച്ചു ശ്രീ ഗുരുവായുരപ്പനു മുന്നിൽ താലി ചാർത്താനുള്ള അവസരവും അനുഗ്രഹവുമായിരിക്കും ഭക്തർക്ക്.
ഇപ്പോഴും 24 മണിക്കൂറും ഉറങ്ങാത്ത നഗരമാണ് ഗുരുവായുർ, അതിന് ഒന്നുകൂടി ഊന്നൽ നൽകുന്നതാവും ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താവുന്ന രാത്രിയിലെ വിവാഹം. ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി നിരവധി പേർ ജാതി മത ഭേദമന്യേ ഗുരുവായൂരിൽ എത്തുന്നു. അവരെ ആതിഥ്യ മര്യാദയോടെ സ്വീകരിച്ചു ആവശ്യങ്ങൾ നിറവേറ്റുക എന്നത് പ്രത്യേകിച്ച്, ഗുരുവായരിൽ ഉള്ള ഓരോ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെയും കർത്തവ്യമാവേണ്ടതാണ്.
അതിനായി ഗുരുവായൂർ നഗരസഭയും ദേവസ്വവും പോലീസും രാഷ്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും രംഗത്തിറങ്ങേണ്ടതാണ്.