ചാവക്കാട്: ഈസ്റ്ററിന് ഒരുക്കമായി കത്തോലിക്കാ ദൈവാലയങ്ങളിൽ പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നു പോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അപ്പവും വീഞ്ഞുമെടുത്ത് ആശിർവദിച്ചു അപ്പോസ്തോലര്‍ക്ക് വിഭജിച്ച് നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓർമയാണ് പുതിയ നിയമത്തിലെ പെസഹ.
പാലയൂർ സെന്റ് തോമാസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ അൽത്താരാ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാൽ കഴുകൽ ശുശ്രുഷ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ നിർവഹിച്ചു.
തീർത്ഥകേന്ദ്രം അസി വികാരി റവ ഫാ ആന്റോ രായപ്പൻ, റവ ഫാ ജോജോ ചക്കുംമൂട്ടിൽ ടി ഒ ആർ എന്നിവർ സഹകാർമ്മികരായി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷണവും നടന്നു. ഇന്ന് വൈകീട്ട് 7 മണി മുതൽ 8 മണി വരെ പൊതു ആരാധനയും, പെസഹ അപ്പം മുറിക്കൽ ചടങ്ങും ഉണ്ടായിരിക്കും. ഇടവക ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ, സിന്റോ തോമസ്, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങൾ റവ സിസ്റ്റർ ടെസ്ലിൻ എസ് എ ബി എസ്, ഷാജു ചെറുവത്തൂർ, ഷോബി ഫ്രാൻസിസ്, പ്രതിനിധിയോഗ സെക്രട്ടറി ബിനു താണിക്കൽ എന്നിവർ നേതൃത്വം നൽകി.