ഗുരുവായൂർ: സംസ്ഥാനത്തെ 749 ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധനസഹായം നൽകും. ആദ്യ ഘട്ടം വിതരണം ഏപ്രിൽ 18 ന് പാലായിൽ. മന്ത്രി വി.എൻ.വാസവൻ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായം നൽകും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുക. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162 അപേക്ഷകളിൽ നിന്നാണ് അർഹരായ ക്ഷേത്രങ്ങളെ ദേവസ്വം ഭരണസമിതി യോഗം തെരഞ്ഞെടുത്തിരിക്കുന്നത്. ദേവസ്വത്തിൽ ലഭിച്ച അപേക്ഷകൾ ചെയർമാൻ ഡോ വി കെ വിജയൻ ഉൾപ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങൾ പരിശോധിച്ച് വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിലെത്തി തുടർ പരിശോധനയും വിലയിരുത്തലും നടത്തി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ധനസഹായത്തിന് അർഹത നേടിയ ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്.
ധനസഹായത്തിൻ്റെ ആദ്യ ഘട്ട വിതരണം 2023 ഏപ്രിൽ 18 ചൊവ്വാഴ്ച രാവിലെ 10:30 ന് പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി ക്ഷേത്രങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യും. ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടി വിശിഷ്ടാതിഥിയാകും. തോമസ് ചാഴികാടൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിനെത്തും. ക്ഷേത്ര ധനസഹായം മൂന്ന് മേഖലകളായി തിരിച്ച് വിതരണം ചെയ്യാനാണ് ദേവസ്വം തീരുമാനം.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണമാണ് പാലായിൽ വെച്ച് നടക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലേയും കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിലേയും ക്ഷേത്രങ്ങൾക്കുള്ള ധന സഹായ വിതരണം പിന്നീട് നടക്കും ധന സഹായത്തിന് തെരഞ്ഞെടുത്ത ക്ഷേത്രങ്ങൾക്കുള്ള ക്ഷണക്കത്തുകൾ ഈ മെയിൽ മുഖേന അയച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷയിൽ നൽകിയ ഈ മെയിൽ വിലാസത്തിലാണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. ദേവസ്വം നിർദേശിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ ചെക്ക് കൈപ്പറ്റാനാകൂ.