ആറാട്ടുപുഴ: ഭൂമിയിലെ ദേവസംഗമം ആറാട്ടുപുഴ പൂരം നാളെ ആഘോഷിക്കും. ജില്ലയിലെ 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം.
ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായ ദേവസംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാരും, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം, തിരുവുള്ളക്കാവ് ശാസ്താക്കന്മാരും പങ്കാളികളാണ്.
വൈകിട്ട് 6.30ന് ദേവമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ആറാട്ടുപുഴ ശാസ്താവ് 15 ആനകൾ, പഞ്ചാരിമേളം എന്നിവയോടെ പുറത്തേക്ക് എഴുന്നള്ളും. ആദ്യം തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോയെന്ന് ആരായാനായി ശാസ്താവ് ഏഴുകണ്ടംവരെ പോകും. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം ചാത്തക്കുടം ശാസ്താവിനെ നിലപാടു നിൽക്കാൻ ഏൽപിച്ച് ശാസ്താവ് ക്ഷേത്രത്തിലേക്കു മടങ്ങും. രാത്രി പതിനൊന്നോടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഒരു മണിയോടെ പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ എഴുന്നള്ളും. പന്ത്രണ്ടോടെ എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. ശേഷം ഒന്നോടെ അന്തിക്കാട്, ചൂരക്കോട് ഭഗവതിമാർ എഴുന്നളളും. പതിനൊന്നോടെ നെട്ടിശ്ശേരി ശാസ്താവിന്റെ എഴുന്നള്ളിപ്പാണ്. കിഴക്കൻ ഗ്രാമങ്ങളുടെ പ്രദക്ഷിണം കഴിഞ്ഞ് തിരിച്ചെത്തിയ തേവർ തിങ്കളാഴ്ച വൈകുന്നേരം ആറാട്ടുപുഴയിലേക്ക് പുറപ്പെടും. രാത്രി ആറാട്ടുപുഴയിലെത്തി വെളുപ്പിന് നടക്കുന്ന ദേവസംഗമത്തിന് നായകത്വംവഹിക്കും. ഇന്നലെ കിഴുപ്പിള്ളിക്കരയിലെ തന്ത്രി ഇല്ലത്തെ പൂരത്തിൽ പങ്കെടുത്ത് തിരിച്ച് മനകളിലും ക്ഷേത്രങ്ങളിലും പറയെടുപ്പുകളിലും പങ്കെടുത്ത് ഇന്ന് വെളുപ്പിനാണ് ക്ഷേത്രത്തിൽ തിരിച്ചെത്തിയത്.
വൈകുന്നേരം നിയമ വെടിക്കുശേഷം പള്ളിയോടത്തിൽ പുഴകടക്കുന്ന തേവർക്ക് കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജകീയ പ്രൗഢിയോടെ ആറാട്ടുപുഴയിലേക്ക് യാത്രയയപ്പ് നൽകുക.
തേവരെ സ്വീകരിക്കുവാൻ തൃപ്രയാർ മുതൽ ആറാട്ടുപുഴവരെ കുരുത്തോലത്തോരണങ്ങളും ദീപാലങ്കാരങ്ങളും സ്തുതി ഗീതങ്ങളുമായി ഭക്തർ ഒരുങ്ങിക്കഴിഞ്ഞു. തേവർക്ക് സഞ്ചരിക്കാനുള്ള വഴികൾ ശുചീകരിച്ച് രാജ വീഥികളാക്കി മാറ്റി. ഇരു വശമുള്ള വീടുകൾ മോടിയിലാക്കി. തൃപ്രയാറിൽ നിന്ന് സ്വർണ്ണ കോലത്തിൽ എഴുന്നള്ളുന്ന തേവർക്ക് ചിറക്കൽ സെന്ററിൽ വെച്ച് കൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന താമരമാലയണിയിക്കും. തുടർന്ന് യാത്ര ആരംഭിക്കുന്ന തേവർ പല്ലിശ്ശേരിയിൽ എത്തും അവിടെ അഞ്ചാനകളുടെ അകമ്പടിയിൽ സ്വീകരിച്ച് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യത്തിനുശേഷം 11 ആനകളുടെ അകമ്പടിയിൽആറാട്ടുപുഴ കൈതവളപ്പിൽ എത്തും.പല്ലിശ്ശേരി മുതൽ കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടിമേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അൻപതിലേറെ ആനകളുടെ അകമ്പടിയിൽ അണിനിരക്കുന്നു.
വൈകുണ്ഠത്തിൽ അനന്തശായിയായ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടും കൂടി വിരാജിക്കുകയാണെന്ന് സങ്കൽപം. ഭൂമീദേവിയോടും ലക്ഷ്മീദേവിയോടും കൂടി എഴുന്നള്ളി നിൽക്കുന്ന തേവരെയും ദേവിമാരെയും ഒരുമിച്ചു പ്രദക്ഷിണം വച്ചു തൊഴാൻ ഈ സമയം ആയിരങ്ങളെത്തും. സൂര്യോദയം വരെ ഇരു ഭാഗങ്ങളിലും പാണ്ടിമേളം നടക്കും.