ചാവക്കാട്: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാനാ പെരുന്നാൾ ആഘോഷിക്കുന്നു. പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു.
ഓശാന ഞായർ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കും തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നൽകി.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്.
ഓശാന ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച രാവിലെ 7 മണിക്ക് പെസഹദിനം ആചരിക്കും. തീർത്ഥ കേന്ദ്രത്തിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയിൽ 7മണിക്ക് തിരുക്കർമങ്ങളും,പീഡാനുഭവ വായനകളും അന്നേ ദിവസം വൈകീട്ട് 4 മണിക്ക് നഗരികാണിക്കൽ പ്രദക്ഷിണങ്ങളും നടക്കും.
9ന് ഞായറാഴ്ച ഉയിർപ്പുതിരുനാൾ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും. ഓശാന തിരുകർമങ്ങൾക്കു തീർത്ഥകേന്ദ്രം അസി വികാരി ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ ജോസഫ് വടക്കൂട്ട്, ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, മാത്യു ലീജിയൻ, കമ്മിറ്റി അംഗങ്ങളായ സിമി തോമസ്, തോമസ് വാകയിൽ, ലോറൻസ് പി എൽ എന്നിവർ നേതൃത്വം നൽകി.