ഗുരുവായൂർ: വേനലവധി ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ഇനി തിരക്കിന്റെ നാളുകൾ. തിരക്കു പരിഗണിച്ച് ഇന്നു മുതൽ മേയ് 31 വരെ ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂർ നേരത്തെ 3.30ന് തുറക്കും. നട തുറന്നാൽ ഉടൻ ശീവേലി എഴുന്നള്ളിക്കും.
തുടർന്നു ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. മേയ് 31 വരെ ഉദയാസ്തമയപൂജയും ഇല്ല. ഏപ്രിൽ 15നാണ്. ഇത്തവണ വിഷു. വിഷുക്കണി ദർശനം ഉണ്ടായിരിക്കും. പുലർച്ചെ 2.30 മുതൽ 3.30 വരെയാണു കണി ദർശനം. വിഷു വിളക്ക് ആഘോഷവും വിഷു സദ്യയും ഉണ്ട്.
ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലം 21ന് ആരംഭിച്ച് മേയ് 19നു സമാപിക്കും. വൈശാഖ മാസത്തിൽ 4 ഭാഗവത സപ്താഹങ്ങൾ നടക്കും. ബലരാമ ജയന്തിയായ അക്ഷയ തൃതീയ 22നാണ്. വൈശാഖത്തിൽ പ്രവാസി മലയാളികളും ഇതര സംസ്ഥാനത്തു നിന്നുള്ള ഭക്തരും ഏറ്റവുമധികം എത്തിച്ചേരും.
കലാപരിപാടികൾ അവതരിപ്പിക്കാനും തിരക്കാകും. അന്നലക്ഷ്മി ഹാളിൽ പുലർച്ചെ 6 മുതൽ പ്രഭാത ഭക്ഷണമായി ഇഡ്ഡലിയും ചുക്കുകാപ്പിയും നൽകും. 10 മുതൽ പ്രസാദ ഊട്ടായി ചോറും വിഭവങ്ങളും വിളമ്പും. രാത്രിയും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
ചുക്കുവെള്ളത്തിനു പുറമേ ഇന്നു മുതൽ സംഭാരവും വിതരണം ചെയ്യും. ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരി ഇന്നലെ രാതി ചുമതലയേറ്റു. 6 മാസമാണു കാലാവധി. കക്കാട് കിരണ ആനന്ദ് നമ്പൂതിരി മേൽശാന്തി സ്ഥാനം ഒഴിഞ്ഞു.