ഗുരുവായൂർ: വാഹനം വാടകക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് അഭിജിത് എന്നയാളെ വിളിച്ചു വരുത്തി ഗുരുവായൂരിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടു പോയി ദേഹോപദ്രവ മേൽപ്പിച്ച് മൊബൈൽ ഫോണും പണവും ബേഗും മറ്റും കവർച്ച ചെയ്ത് കൊണ്ടുപോയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.
കഴിഞ്ഞ നവംബർ 21നാണ് സംഭവം നടന്നത്. അടിമാലി കടവനാപ്പുഴ അഭിജിതിനേയാണ് റെന്റിന് കാറ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മറ്റു വസ്തുക്കളും തട്ടിയെടുത്തത്.
പ്രതി വടക്കേക്കാട് മന്ദലാംകുന്ന് കിണർ ഹൈസനാരകത്ത് അനീഷ് (36) എന്ന യാളെ ഇന്നലെ ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ. എസ്. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളായ മുബഷിർ വടക്കേക്കാട്, മുഹമ്മദ് റഷീദ് അഞ്ചങ്ങാടി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.ഗിരി, എ എസ് ഐ പി.എസ്.സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.പി. ടോബിൻ, എൻ. എൻ സുധാകരൻ എന്നിവർ ഉണ്ടായിരുന്നു.