കുന്നംകുളം: കുന്നംകുളം ചൊവ്വൂർ സ്വദേശി 75കാരനായ ചേറു അപ്പാപ്പൻ തന്റെ ഭൂമി സേവാ കേന്ദ്രം നിർമ്മിക്കാനായി സേവാഭാരതിക്ക് പതിച്ചു നൽകിയതിനെ കുറിച്ച് ചൊവ്വന്നൂർ പഞ്ചായത്തിലെ 12-ാം വാർഡ് മെംബർ അജിത വിശാലിന്റെ കുറിപ്പിന്റെ പൂർണരൂപം
ഒരു ചരിത്ര മുഹൂർത്തത്തിന് നിയോഗമാകാൻ സാധിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ചൊവ്വന്നൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സേവാഭാരതിക്ക് 18 സെന്റ് ഭൂമി സൗജന്യമായി ലഭിച്ചിരിക്കുന്നു, അതും പി.ഡബ്ല്യു.ഡി റോഡരികിൽ തന്നെ. ഇന്നായിരിന്നു രജിസ്‌ട്രേഷൻ. ഒന്നര മാസം മുൻപാണ് ഞാൻ അപ്പച്ചൻ എന്ന് വിളിക്കുന്ന ചൊവ്വന്നൂർ സ്വദേശിയായ 75 വയസ്സുള്ള ചേറു അപ്പാപ്പൻ എന്ന വലിയ മനുഷ്യൻ എന്നെ വിളിച്ച് ഒന്ന് കാണണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന് റോഡരികിൽ സ്ഥലം ഉണ്ടെന്നും അത് എന്റെ വാർഡിലാണെന്നും സേവാഭാരതിക്ക് ആ സ്ഥലം സൗജന്യമായി നൽകാമെന്നും ആ വലിയ മനുഷ്യൻ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. അവിടെ ഇന്നാട്ടിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ ഒരു കെട്ടിടം നിർമ്മിച്ച് സേവന പ്രവർത്തനങ്ങൾ നടത്താൻ സേവാഭാരതിക്ക് സമ്മതമാണെങ്കിൽ സ്ഥലം തരാമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. ചേറു അപ്പാപ്പന്റെ മകനും അദ്ധ്യാപകനുമായ വർഗ്ഗീസ് പിസി ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂർ ജില്ലാ ഭാരവാഹി കൂടിയാണ്
കോവിഡ് കാലത്ത് ഈ നാട്ടിൽ ഞങ്ങൾ നടത്തിയ സേവനങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 75 വയസ്സുള്ള ആ മനുഷ്യൻ സേവാഭാരതിക്ക് മാത്രമേ ആ സ്ഥലം നൽകു എന്ന് പറഞ്ഞപ്പോൾ ഇന്നാട്ടിലെ മനുഷ്യർക്കിടയിൽ എന്റെ സംഘടന എത്രത്തോളം ആഴത്തിൽ വേര് പടർത്തി എന്ന് തിരിച്ചറിയാനായി.
സംഘടനയുടെയും, സേവാഭാരതിയുടെയും കാര്യകർത്താക്കളെ ബന്ധപ്പെട്ടു, അവർ ഉടനടി സ്ഥലത്തെത്തി പിന്നെയൊരു ഓടിപ്പാച്ചിലായിരുന്നു. കുടികിട ആർ ഒ ആർ രജിസ്‌ട്രേഷൻ സംബന്ധമായ ഡോക്യുമെന്റേഷൻ അങ്ങനെ ഒരു ഘട്ടത്തിലും ഒരു നിമിഷം പോലും തടസ്സം നേരിടേണ്ടി വന്നില്ല. രജിസ്‌ട്രേഷന് ആവശ്യമായ ഭീമമായ തുക വരെ മഹാമനസ്‌കനായ ഒരു വ്യക്തി ഒരു ചോദ്യം പോലുമില്ലാതെ എടുത്ത് തന്നു. അവിടെയും ആ വാതിൽ തടസ്സമില്ലാതെ തുറന്നത് സേവാഭാരതി എന്ന മഹാപ്രസ്ഥാനത്തിന്റെ ശക്തിയും വിശ്വാസ്യതയും കൊണ്ടായിരുന്നു.
ഈ സ്ഥലത്ത് അപ്പച്ചൻ ആഗ്രഹിച്ച പോലെ, സേവാഭാരതി എന്നാ മഹാപ്രസ്ഥാനം ഭാരതമൊട്ടാകെ പ്രാർത്ഥനപോലെ നടപ്പിലാക്കുന്ന സേവനമുഖം തുറക്കും. ഈ നാടിന്റെ അത്താണിയായി, ഇന്നാട്ടിലെ പാവപ്പെട്ടവർക്ക് പ്രതീക്ഷയായി ഇവിടെ ഒരു കെട്ടിടം വരും.
സംഘടനാ കാര്യകർത്താക്കളും, സേവാഭാരതി ചുമതലക്കാരും വരും ദിവസങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് ചൊവ്വന്നൂരിന്റെ ഭാവി തന്നെ മാറ്റി മറിക്കുന്ന വലിയൊരു സേവന മുഖം ഇവിടെ തുറക്കും. സ്വാമി അയ്യപ്പൻ ഈ ചരിത്ര മുഹൂർത്തത്തിന് ഒരു നിയോഗമാക്കിയതിന് വാക്കുകൾ കൊണ്ട് വരച്ചിടാനാകാത്ത വലിയ മനുഷ്യനായ അപ്പച്ചന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു. എന്നെ ഒരു നിമിത്തമായി ഈ മുഹൂർത്തത്തിൽ ഉൾപ്പെടുത്തിയതിന് മാതൃസംഘടനയായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കാര്യകർത്താക്കൾക്കും, സേവാഭാരതി ചുമതലക്കാർക്കും മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട് നന്ദി അറിയിക്കുന്നു.
മുറിച്ച് വിറ്റാൽ അരക്കോടിയിൽ അധികം രൂപ കിട്ടുമായിരുന്നിട്ടും വിളിച്ച് വരുത്തി പുഞ്ചിരിച്ചു കൊണ്ട് കണ്ണായ ഭൂമി എഴുതി തന്ന അപ്പച്ചൻ ഇപ്പോഴും സമസ്യയാണ്, ഇനിയൊന്നും നേടാനില്ലാത്ത ഈ പ്രായത്തിൽ, പേരും പ്രശസ്തിയും പോലും ആഗ്രഹമില്ലാത്തൊരു 75 വയസ്സുകാരൻ എന്തിനായിരിക്കും പുഞ്ചിരിച്ച് കൊണ്ട് ഇത്രയും വിലയുള്ള ഭൂമി സൗജന്യമായി എഴുതി തന്നത് … അദ്ദേഹത്തെ പഠിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇത്തരം നിസ്വാർത്ഥരായ മനുഷ്യർക്കൊപ്പം സഹവസിക്കുന്നത് തന്നെ പുണ്യമാണ്.
വാഹനങ്ങളിൽ യാത്ര ചെയ്യാത്ത അപ്പച്ചൻ ഈ പ്രായത്തിലും കൃഷി ചെയ്യും, ഇന്ന് രജിസ്‌ട്രേഷൻ ചെയ്യാൻ മൂന്ന് കിലോമീറ്റർ ദൂരം ആ 75 വയസ്സുകാരൻ നടന്ന് തന്നെയാണ് വന്നത്, മുറിച്ച് വിറ്റാൽ അരക്കോടിക്ക് മുകളിൽ കിട്ടുന്ന ആ ഭൂമി സേവാഭാരതിക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് തന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരു കുട പോലും ചൂടാതെ ഈ വേനലിൽ ആ മനുഷ്യൻ നടന്ന് പോകുന്നത് കണ്ട് കണ്ണ് നിറഞ്ഞു. കുടയൊക്കെ ഒരു ബാധ്യതയാണെന്നാണ് അപ്പച്ചന്റെ പക്ഷം..
എങ്ങിനെയാണ് ഒരു മനുഷ്യന് ഇത്രയേറെ ലാളിത്യം കൈവരിക്കാൻ, ദാനശീലനാകാൻ സാധിക്കുന്നത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് കുന്നംകുളത്തിന്റെ നെടുമ്പാതയിലൂടെ ആ മനുഷ്യൻ പതിയെ നടന്ന് നീങ്ങുന്നത്.
അപ്പച്ചൻ എന്തുകൊണ്ടാണ് എന്നിൽ വിശ്വാസമർപ്പിച്ചതെന്ന് പലകുറി ചിന്തിച്ചിട്ടും മനസ്സിലാക്കാൻ സാധിച്ചില്ല. ഒന്നുകൂടി പറഞ്ഞിട്ട് നിർത്താം- കോവിഡ് കാലത്ത് കയ്യിലുളളതും കടം വാങ്ങിയതും പ്രവർത്തകർ നുള്ളിപ്പെറുക്കിയതും ഒക്കെ കൂട്ടി സേവാപ്രവർത്തനം നടത്തുമ്പൊ ഒരു സഹോദരൻ സോഷ്യൽ മീഡിയയിൽ ഒരു പരിഹാസ പോസ്റ്റിട്ടിരുന്നു ‘ എന്താണ് സേവാഭാരതി ഇതിനു മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ, ഈ സാനം കടിക്കുമോ എന്ന്”
കാലം മറുപടി നൽകുന്നത് നിസ്വാർത്ഥരായ മനുഷ്യരിലൂടെയാണ്, പന്ത്രണ്ടാം വാർഡിൽ ഈ നീണ്ട് നിവർന്ന് കിടക്കുന്ന 18 സെന്റ് ഭൂമി, അതിൽ വരാൻ പോകുന്ന കെട്ടിടം, അതിൽ പ്രവർത്തിക്കാൻ പോകുന്ന സേവന മേഖലകൾ, ഈ ഭൂമി സൗജന്യമായി തന്ന ആ വലിയ മനുഷ്യൻ ഇതൊക്കെയാണ് സേവാഭാരതി. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടാകും. ചിലത് ഞാൻ പറയും, ഞാനില്ലാതാകുന്ന കാലത്ത് കാലം പറയും.
സ്വാമിയേ ശരണമയ്യപ്പാ
സേവാഹി പരമോ ധർമ്മ: