ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽ ശാന്തിയായി സാമവേദ പണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി ഇന്ന് രാത്രി ചുമതലയേൽക്കും. രാത്രി അത്താഴ പ്പൂജയ്ക്ക് ശേഷമാണ് മേൽശാന്തി മാറ്റം. ഇപ്പോഴത്തെ മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരി സ്ഥാന ചിഹ്നമായ താക്കോൽ ക്കൂട്ടം വെള്ളിക്കുടത്തിൽ സമർപ്പിക്കും. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് താക്കോൽ കൂട്ടം പുതിയ മേൽശാന്തിക്ക്
കൈമാറും. അദ്ദേഹം താക്കോലുമായി ശ്രീലകത്ത് കയറി ഗുരുവായൂരപ്പനെ നമസ്കരിച്ച് ശ്രീലക വാതിൽ അടയ്ക്കും.
നാളെ മുതൽ 6 മാസക്കാലമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. ക്ഷേത്രത്തിൽ തന്നെ താമസിച്ച് അദ്ദേഹം പൂജാദി കർമങ്ങൾ നിർവഹിക്കും. വിരമിക്കുന്ന മേൽശാന്തിയും ചുമതലയേൽക്കുന്ന മേൽശാന്തിയും ആയുർ വേദ ഡോക്ടർമാരാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മേൽശാന്തി മാറ്റം ആയതിനാൽ ഇന്ന് രാത്രി ചുറ്റുവിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാകില്ല.