ഗുരുവായൂർ: വിൽപനയ്ക്ക് സൂക്ഷിച്ച 3 കുപ്പി മദ്യവും 12 കുപ്പി ബിയറും പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ മദ്യം പങ്കിട്ടെടുത്തു. മഹസർ എഴുതിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീർത്തു. ഇതുപുറത്ത് പറഞ്ഞെന്ന സംശയത്തിൽ എക്സൈസ് ഡ്രൈവർക്കെതിരെ മദ്യലഹരിയിൽ മേൽ ഉദ്യോഗസ്ഥന്റെ ഭീഷണിയും. സംഭവത്തെ തുടർന്നു ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 3 പേരെ നിർബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.
ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി .വി.ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി.എസ്.സജി, പി.എ.ഹരിദാസ് എന്നിവരെയാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ശരത്, പി.ഇ.അനീസ് മുഹമ്മദ്, എൻ. കെ.സിജ എന്നിവരെയാണ് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയച്ചത്.
12നു മുല്ലശേരിയിൽ വച്ച് 3 കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ശർമിള എന്ന സ്ത്രീക്കു വിൽപനയ്ക്കു വേണ്ടിയുള്ളതാണു മദ്യം എന്ന സൂചന കിട്ടിയതോടെ അവരുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നു 12 കുപ്പി ബിയർ കണ്ടെത്തി. എല്ലാ മദ്യവും രഞ്ജിത്തിന്റെ പക്കൽ നിന്നു പിടിച്ചതായി രേഖയുണ്ടാക്കി ശർമിളയെയും അയൽവാസി രാജനെയും സാക്ഷികളാക്കി മഹസർ തയാറാക്കുകയായിരന്നു. പിന്നീട് ഇവരിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കി എന്നാണു കേസ്.
പിടിച്ചെടുത്ത മദ്യം എക്സൈസ് ഇൻസ്പെക്ടർ ഡി.വി.ജയപ്രകാശും പ്രിവന്റീവ് ഓഫിസർ ടി.എ സ്.സജിയും പങ്കിട്ടെടുത്തതായും ഇഐ ആൻഡ് ഐബി ജോയിന്റ് എക്സൈസ് കമ്മിഷണർ എക്സൈസ് കമ്മിഷണർക്ക് റി പ്പോർട്ട് നൽകി. എക്സൈസ് ഇൻസ്പെക്ടർ മദ്യലഹരിയിൽ സഹപ്രവർത്തകനായ ഡ്രൈവറോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. വിശദമായ അന്വേഷണത്തിന് എറണാകുളം ഡപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചു.