ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വൈസ് ചെയർ മാൻ മുസ്ലിം ലീഗിലെ ആർ.എ അബൂബക്കറിനേതിരേ കോൺഗ്രസ് ഡയറക്ടർമാരുടെ അവിശ്വാസം, തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിൽ റിട്ടേണിങ് ഓഫീസർ തള്ളി.
14 അംഗങ്ങളിൽ ഏഴു പേരാണ് പങ്കെടുത്തത്. ബാക്കി ഏഴുപേർ വിട്ടുനിന്നു. ഡി.സി.സി. സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, ഗുരുവായൂർ-ചാവക്കാട് നഗരസഭാ യു.ഡി.എഫ്. പാർലിമെന്ററി പാർട്ടി നേതാക്കളായ കെ.പി. ഉദയൻ, കെ.വി. സത്താർ, പൂക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തോമസ്, ബിനീഷ്, റസീനാ ഗയസ് എന്നീ ഡയറക്ടർ മാരാണ് അവിശ്വാസം കൊണ്ടു വന്നത്. വൈസ് ചെയർമാനായി ആർ.എ. അബു തുടരുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഏഴുപേരും ഡി.സി.സി.ക്ക് കത്ത് നൽകിയിരുന്നു.
യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നുള്ളതിനാൽ അവിശ്വാസത്തിൽനിന്ന് പിന്മാറാൻ ഡി.സി.സി. ആവശ്യപ്പെട്ടു. എന്നാൽ, ഏഴുപേരും നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചു. തുടർന്ന് കെ.പി.സി.സി. ഇടപെടുകയും അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിപ്പ് നൽകുകയും ചെയ്തു.
വിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് അവിശ്വാസത്തിൽ പങ്കെടുത്ത ഡയറക്ടർമാർ പറയുന്നത്. ഉത്തരവാദപ്പെട്ട നേതാക്കൾ കൂടിയായ ഡയറക്ടർമാർ വിപ്പ് ലംഘിച്ചതിലൂടെ കെ.പി.സി.സി.യെ പരസ്യമായി അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.