ഗുരുവായൂർ: ദേവസ്വം ആനകളുടെ ആരോഗ്യസ്ഥിതി നിർണയിക്കാൻ വിശദമായ പരിശോധന നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
പൂർണാരോഗ്യവ നായിരുന്ന കൊമ്പൻ മാധവൻകുട്ടി ചരിഞ്ഞതിനു കാരണം ചികിത്സയിലെ അശ്രദ്ധയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണസമിതി പ്രത്യേക യോഗം ചേർന്നാണു തീരുമാനം എടുത്തത്.
ഒന്നാം പാപ്പാൻ രാധാകൃഷ്ണനെ പലവട്ടം കുത്താൻ ശ്രമിച്ച കൊമ്പൻ ദാമോദർദാസിനെ ഇനി എഴുന്നള്ളിപ്പുകൾക്ക് അയക്കില്ല. ഏപ്രിൽ രണ്ടാം വാരം ആനയെ മദപ്പാടിൽ തളയ്ക്കും. മദപ്പാട് കഴിഞ്ഞാൽ പുതിയ പാപ്പാനെ നിയമിക്കും.
മുൻകാലിൽ നീരു വന്ന കൊമ്പൻ നന്ദനെ എഴുന്നള്ളിപ്പുകൾക്ക് 150 കിലോ മീറ്ററിലേറെ ദൂരംത്തേക്ക് അയക്കില്ല.
പുന്നത്തൂർ ആനക്കോട്ടയിൽ ആനകളെ ദിവസം 10 കിലോമീറ്ററെങ്കിലും നടത്താനുള്ള സംവിധാനം ഒരുക്കാനും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായ ഭരണസമിതി തീരുമാനിച്ചു.
ആനകൾക്കു നൽകുന്ന പുല്ല്, വാഴപ്പിണ്ടി എന്നിവയിലെ കീടനാശിനിയുടെ അളവു പരിശോധിച്ച് ശുദ്ധമായ തീറ്റ സാധനങ്ങൾ നൽകും. ആനകൾക്കു കുടിക്കാനും കുളിക്കാനും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കും.
ഭരണസമിതി യോഗത്തിൽ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, സി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ആന വിഭാഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേ വി, മാനേജർ സി.ആർ. ലെജുമോൾ, ഡോ. കെ. വിവേക്, ദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.